Connect with us

Articles

ചെപ്പടിവിദ്യകൾ മതിയാകില്ല

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ മുന്നണിക്ക് അത്ര ശുഭകരമായ സൂചനകളല്ല നൽകുന്നത്. തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ മുന്നണി എന്ന ആശയം പ്രയോഗവത്കരിക്കുന്നതിൽ വലിയ വീഴ്ചകൾ സംഭവിച്ചിരിക്കുന്നു എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഒരുമിച്ച് നിൽക്കാൻ സന്നദ്ധമായ പാർട്ടികൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നിച്ച് നിന്നിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു

Published

|

Last Updated

ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ജനാധിപത്യ ഗതിവിഗതികൾ തന്നെ നിശ്ചയിക്കുന്ന അതീവ പ്രാധാന്യമുള്ള വർഷമാണ് 2024. സ്വാതന്ത്ര്യാനന്തരം രാജ്യം സ്വീകരിച്ച് വന്ന നിലപാടുതറകളിൽ നിന്ന് പൂർണമായും വഴിമാറി സഞ്ചരിച്ച പത്ത് വർഷങ്ങളാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പോട് കൂടി പൂർത്തിയാകാനിരിക്കുന്നത്. മതേതര ഇന്ത്യയുടെ അസ്തിവാരം തന്നെ തകർക്കാൻ പോന്ന നയനിലപാടുകൾ സ്വീകരിക്കുകയും അത് തങ്ങളുടെ പ്രഖ്യാപിത നിലപാടാണെന്ന് പ്രത്യക്ഷമായി തന്നെ സമ്മതിക്കുകയുമായിരുന്നു മോദി ഭരണകൂടം. പുതിയ പാർലിമെന്റ് മന്ദിരം ഉദ്ഘാടനത്തോടെ അതിന്റെ പൂർണത പ്രാപിക്കുകയും ചെയ്തു. രാജ്യത്തിന്റെ അസ്തിത്വം തന്നെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പിനെയാണ് രാജ്യം അഭിമുഖീകരിക്കാനിരിക്കുന്നതെന്ന് ചുരുക്കം.

തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് പ്രവേശിച്ചതോടെ മുന്നണികൾ വെല്ലുവിളികളും ആരോപണ പ്രത്യാരോപണങ്ങളുമായി ഗോദയിൽ സജീവമായിക്കഴിഞ്ഞു. മുൻ തിരഞ്ഞെടുപ്പുകളിൽ വർഗീയ കാർഡുകളിറക്കി നേട്ടം കൊയ്ത എൻ ഡി എ സഖ്യം രാമക്ഷേത്ര വിഷയം മുഖ്യ അജൻഡയാക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ ഫലം എൻ ഡി എക്ക് അപ്രതീക്ഷിത മുന്നേറ്റമാണ് സമ്മാനിച്ചത്. വരുന്ന പൊതുതിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള പശ്ചാത്തലവും തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കിത്തീർത്തിട്ടുണ്ട്. ഹിന്ദി ബെൽറ്റിലെ 12 സംസ്ഥാനങ്ങൾ പൂർണമായും ബി ജെ പി ഭരണത്തിന് കീഴിലാക്കാൻ കഴിഞ്ഞു. അതേസമയം, ഹിന്ദി ബെൽറ്റിൽ കോൺഗ്രസ്സിന് കേവലം മൂന്ന് സംസ്ഥാനങ്ങളുടെ അധികാരമാണുള്ളത്. 2024ൽ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത് താൻ തന്നെയായിരിക്കുമെന്ന പ്രഖ്യാപനത്തോടെ നരേന്ദ്ര മോദി “ഇന്ത്യ’സഖ്യത്തെ തുറന്ന പോരിന് വെല്ലുവിളിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര ചർച്ച സജീവമാക്കുകയും അതിലൂടെ ഹിന്ദുത്വ വോട്ടുകൾ പെട്ടിയിലാക്കാനുമുള്ള കൃത്യമായ തന്ത്രങ്ങൾ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണ് എൻ ഡി എ ക്യാമ്പ്.
രാജ്യത്തെ അതിവേഗം കീഴടക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വലത് വർഗീയ ഭരണകൂടത്തെ പ്രതിരോധിക്കാൻ ഇതിനോട് എതിർപ്പുള്ള പ്രതിപക്ഷ കക്ഷികളുടെ ഐക്യമെന്ന ആലോചനയിൽ നിന്നാണ് ഇന്ത്യ മുന്നണി രൂപവത്കരിക്കപ്പെടുന്നത്. മുൻ കാലങ്ങളിൽ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ കേവലം തട്ടിക്കൂട്ട് മുന്നണികൾ ഉണ്ടാക്കി സീറ്റ് ചർച്ചയോടെ പരസ്പരം പഴിചാരി ഒറ്റക്കൊറ്റക്ക് മത്സരിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകാറുള്ളത്. എന്നാൽ ശോഷിച്ച പാർട്ടി അടിത്തറയും സംസ്ഥാനങ്ങളിലെ ഭരണ നഷ്ടവുമെല്ലാം ഇനിയൊരു ഒറ്റക്കുള്ള തിരിച്ച് വരവ് അസാധ്യമാണെന്ന ബോധ്യത്തിലേക്ക് കോൺഗ്രസ്സിനെയും മറ്റു പാർട്ടികളെയും കൊണ്ടെത്തിച്ചു. അങ്ങനെയാണ് പ്രതിപക്ഷ പാർട്ടികളുടെ ആസൂത്രിതവും പരസ്പര ധാരണയോടെയുമുള്ള ഐക്യമെന്ന ആശയവുമായി മുന്നിട്ടിറങ്ങുന്നത്. ഒറ്റക്കൊറ്റക്ക് മത്സരിച്ചാൽ മോദി ഭരണകൂടത്തെ വീഴ്ത്തൽ അപ്രാപ്യമാണെന്ന് കണ്ടതോടെ തന്നെയാണ് ഇരുപതിലധികം പാർട്ടികളുടെ പിന്തുണയോട് കൂടെ ഇന്ത്യ മുന്നണി നിലവിൽ വന്നത്. എന്നാലത് തോൽവി ഭയക്കുന്നവരുടെ അവസാന ശ്വാസമല്ല. അത് ശരിയായ ചുവട് വെപ്പായിരുന്നു. ശിഥിലമാകുന്ന മതേതര വോട്ടുകൾ സമാഹരിച്ചു കൊണ്ടു മാത്രമേ ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണ സംവിധാനത്തെ താഴെയിറക്കാനാകൂ. പ്രാതിനിധ്യ ജനാധിപത്യത്തിൽ ഇത്തരം സഖ്യങ്ങൾ സർവ ദേശരാഷ്ട്രങ്ങളിലും കാണാനാകും. ഈ സഖ്യത്തിന്റെ കെട്ടുറപ്പും വിശ്വാസ്യതയും ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാനുള്ള പൊതു നയവുമാണ് അതിന്റെ ഭാവി നിർണയിക്കുക.
ഇന്ത്യ എന്ന പേര് തന്നെ വിവാദങ്ങൾക്ക് വഴിവെക്കുകയും എൻ ഡി എ ക്യാമ്പിൽ ആശങ്ക പടർത്തുകയും ചെയ്തുവെന്നത് വസ്തുതയാണ്. മുന്നണി രൂപവത്കരണം സാധ്യമാക്കിയെങ്കിലും മുന്നോട്ടുള്ള ഗമനം അത്ര എളുപ്പമായിരിക്കില്ല എന്ന് രാഷ്ട്രീയ നിരീക്ഷകർ അന്ന് തന്നെ വിലയിരുത്തിയിരുന്നു. പ്രതിലോമ ശക്തികളെ ചെറുക്കാനുള്ള ഇത്തരം ചേർന്ന് നിൽപ്പ് അനിവാര്യമാണെങ്കിലും ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അതിനെത്രത്തോളം സാധ്യതയുണ്ടെന്ന ചോദ്യങ്ങൾ ആദ്യ ഘട്ടത്തിൽ തന്നെ ഉയർന്ന് കേട്ടിരുന്നു. സംസ്ഥാനങ്ങളിൽ പരസ്പരം ശക്തമായ മത്സരങ്ങളിലേർപ്പെടുന്ന പാർട്ടികൾ ഇന്ത്യയെ വീണ്ടെടുക്കാൻ വേണ്ടിയാണെങ്കിൽ പോലും ചേർന്ന് നിൽക്കുന്നതിൽ എത്രത്തോളം ആത്മാർഥതയുണ്ടാകുമെന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തിയിരുന്നത്.

എന്നിരുന്നാലും കൃത്യമായ ആസൂത്രണത്തോടെ, എല്ലാ കക്ഷികളോടും കൂടിയാലോചിച്ച് നടത്തിയ നീക്കങ്ങൾ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് പുത്തനുണർവ് നൽകുകയും ശക്തമായ തിരിച്ചുവരവിനുള്ള വഴികൾ എളുപ്പമാക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂർ കലാപ വിഷയത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പരാജയപ്പെട്ടെങ്കിലും പ്രധാനമന്ത്രി പാർലിമെന്റിൽ സംസാരിക്കാൻ നിർബന്ധിതനായി എന്നത് ഇന്ത്യ സഖ്യത്തിന്റെ വിജയമായിരുന്നു. അവിശ്വാസ പ്രമേയ വേളയിൽ “മിസ്റ്റർ മോദി, നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം, ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന്റെ മുറിവുണക്കും, മണിപ്പൂരിൽ ഇന്ത്യ എന്ന ആശയത്തെ പുനർനിർമിക്കും’ എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരിക്കുകയും എൻ ഡി എ ക്യാമ്പ് പ്രതികരിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. കൂട്ടായ്മയിൽ ഭിന്നസ്വരങ്ങൾ ഉയർന്നുവന്നെങ്കിലും കേന്ദ്രത്തിനെതിരായ വിഷയങ്ങൾ ഉയർത്തിക്കാട്ടി കൂട്ടായ മുന്നേറ്റത്തിനുള്ള പദ്ധതികൾ തയ്യാറാക്കുകയായിരുന്നു ഇന്ത്യ മുന്നണി.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ മുന്നണിക്ക് അത്ര ശുഭകരമായ സൂചനകളല്ല നൽകുന്നത്. തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ മുന്നണി എന്ന ആശയം പ്രയോഗവത്കരിക്കുന്നതിൽ വലിയ വീഴ്ചകൾ സംഭവിച്ചിരിക്കുന്നു എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബി ജെ പി വലിയ മുന്നേറ്റം കാഴ്ചവെക്കുന്നതിനും മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ്സ് വമ്പൻ തിരിച്ചടി നേരിടുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷിയായി. ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഒരുമിച്ച് നിൽക്കാൻ സന്നദ്ധമായ പാർട്ടികൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നിച്ച് നിന്നിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്നതിൽ സന്ദേഹമേതുമില്ല. പൊതു തിരഞ്ഞെടുപ്പ് അടുത്ത വേളയായിട്ട് പോലും ഇത്തരം ഐക്യത്തോടെയുള്ള നീക്കത്തിന് പാർട്ടികൾ തയ്യാറായില്ല എന്നത് ഖേദകരമാണ്. 26 പാർട്ടികളുടെ സഖ്യം പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുന്നതിന് മുമ്പാണ് തിരഞ്ഞെടുപ്പ് നടന്നത് എന്നോർക്കണം. എന്നിട്ടും ഒരുമിച്ച് നിന്നുള്ള നീക്കുപോക്ക് സാധ്യമായില്ല എന്നതാണ് വസ്തുത.
മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ ഒറ്റക്ക് മത്സരിക്കാനായിരുന്നു കോൺഗ്രസ്സ് തീരുമാനം. മുന്നണി മര്യാദ പാലിച്ച് സീറ്റ് വിഭജനം നടത്തണമെന്ന് മറ്റു പാർട്ടികൾ ആവശ്യപ്പെട്ടിട്ടും അത് മുഖവിലക്കെടുക്കാതെ പ്രാദേശിക പാർട്ടികൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോലും സ്ഥാനാർഥികളെ നിർത്തുകയാണ് കോൺഗ്രസ്സ് ചെയ്തത്. ഇത് മധ്യപ്രദേശിൽ ബി ജെ പിക്ക് ഭരണവിരുദ്ധ വികാരം മറികടക്കാൻ അവസരമൊരുക്കി. ഭരണവിരുദ്ധ വോട്ടുകൾ ശിഥിലമായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയത് പുറത്ത് നിന്നുള്ള ആരുമല്ല. സാക്ഷാൽ രാഹുൽ ഗാന്ധിയാണ്- പാർട്ടിയുടെ ഉന്നത നയരൂപവത്കരണ സമിതിയിൽ. പ്രാദേശിക നേതൃത്വം തെറ്റിദ്ധരിപ്പിച്ചുവെന്നും സഖ്യശക്തികളുമായി വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ട് പോകാനാകില്ലെന്നും രാഹുൽ തുറന്നടിച്ചു.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ സഖ്യം നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി. തിരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് വിഭജന ചർച്ചകൾ സജീമായിരിക്കുകയാണ്. ചർച്ചകളിൽ കോൺഗ്രസ്സ് കാണിക്കുന്ന പക്വതയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മുന്നണിയുടെ ഭാവി. സീറ്റ് വിഭജന പ്രക്രിയയിൽ മുന്നണിയിലെ മറ്റു പാർട്ടികൾക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളിൽ അവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തൽ അനിവാര്യമാണ്. മുന്നണി ബന്ധത്തിന്റെ നിലനിൽപ്പിന് ഏകപക്ഷീയമായ സീറ്റ് വിഭജനം ഗുണം ചെയ്യുകയില്ല എന്ന വസ്തുത കോൺഗ്രസ്സ് തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സ്വീകരിച്ച വല്യേട്ടൻ കളി അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ സഖ്യം മുന്നോട്ട് പോകില്ലെന്ന ഇതരപാർട്ടികളുടെ പ്രതികരണത്തിന് കോൺഗ്രസ്സ് നേതൃത്വം ചെവി കൊടുത്തില്ലെങ്കിൽ രാജ്യം വീണ്ടും ഹിന്ദുത്വ ശക്തികൾക്ക് മുന്നിൽ അടിയറവ് പറയേണ്ടി വരും.

പ്രാരംഭഘട്ടത്തിൽ മിതത്വ നിലപാട് സ്വീകരിച്ച കോൺഗ്രസ്സ് പിന്നീട് മുന്നണിയിലെ മറ്റു പാർട്ടികളോട് മുഖം തിരിക്കുന്നുവെന്ന സഖ്യ കക്ഷികളുടെ ആരോപണം എൻ ഡി എ ക്യാമ്പ് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. ബംഗാളിൽ ബി ജെ പിക്കെതിരെ തൃണമൂൽ കോൺഗ്രസ്സ് പോരിനിറങ്ങുമെന്നാണ് മമത വ്യക്തമാക്കിയിട്ടുള്ളത്. അതുപോലെ തന്നെ പഞ്ചാബിലെയും ഡൽഹിയിലെയും 21 സീറ്റുകൾ ആരുമായും പങ്കിടാൻ തയ്യാറല്ലെന്നാണ് ആം ആദ്മി നിലപാട്. മുന്നണിയുടെ ഭാഗമാണെങ്കിൽ പോലും ഇത്തരത്തിൽ നിലപാട് സ്വീകരിച്ച് കഴിഞ്ഞ പാർട്ടികളെ കൂടി ചേർത്തു നിർത്താനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. തർക്കങ്ങൾ അവസാനിപ്പിച്ച്, കൂടിയാലോചനകൾക്ക് ശേഷം പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കൃത്യമായ പ്രചാരണ തന്ത്രങ്ങളോടെ കളംനിറഞ്ഞാൽ രാജ്യത്തെ വീണ്ടെടുക്കാനാകുമെന്നത് തീർച്ചയാണ്. വിട്ടുവീഴ്ചകൾക്ക് തയ്യാറായി, പൊതുയിടങ്ങളിൽ ഉയർത്തിക്കൊണ്ടുവരേണ്ട അജൻഡകൾ നിശ്ചയിച്ച്, വിവാദങ്ങൾക്ക് വഴിമരുന്നിടാതെ മുന്നോട്ട് പോയാൽ മാത്രമേ ഇന്ത്യ സഖ്യ രൂപവത്കരണം ഫലം കാണുകയുള്ളൂ.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയുമായി ചർച്ച നടത്തുമെന്നും ആവശ്യമെങ്കിൽ വിവിധ സംസ്ഥാനങ്ങളിലെത്തി മുഖ്യപ്രതിപക്ഷ പാർട്ടി വക്താക്കളുമായി സംസാരിക്കാൻ തയ്യാറാണെന്നുമുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവ് മുകുൾ വാസ്നികിന്റെ പ്രസ്താവന പ്രതീക്ഷ നൽകുന്നുണ്ട്. രണ്ടാം ഭാരത് ജോഡോ യാത്ര ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനമായാൽ അതും ഗുണകരമാകും. ഇതിനേക്കാളെല്ലാം പ്രധാനമാണ്, എൻ ഡി എയിൽ നിന്ന് വ്യത്യസ്തമായ നയം പ്രഖ്യാപിച്ച് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയെന്നത്. വർഗീയ സോഷ്യൽ എൻജിനീയറിംഗിൽ അകപ്പെട്ട് പോയ മനുഷ്യരെ യഥാർഥ ജീവിത പ്രശ്‌നങ്ങളെ കുറിച്ച് ബോധവാന്മാരാക്കാൻ ചെറിയ തന്ത്രമൊന്നും മതിയാകില്ല. ഈ തിരഞ്ഞെടുപ്പിലേക്ക് മാത്രമായി ഒതുക്കേണ്ട രാഷ്ട്രീയ പ്രക്രിയയുമല്ല അത്.

Latest