Connect with us

Techno

ലോകത്തിലെ ആദ്യത്തെ ട്രൈ ഫോൾഡ്‌ സ്‌മാർട്ട്‌ ഫോണുമായി ടെക്‌നോ

6.48 ഇഞ്ച് കവർ ഡിസ്‌പ്ലേയും 1,620 x 2,880 പിക്‌സൽ റെസല്യൂഷനുമുള്ള 10 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഇൻ്റർ സ്‌ക്രീനാണ്‌ ട്രിപ്പിൾ ഫോൾഡബിൾ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്‌.

Published

|

Last Updated

ലോകത്തിലെ ആദ്യത്തെ ട്രൈ ഫോൾഡ്‌ സ്‌മാർട്ട്‌ ഫോണിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്‌ ചൈനീസ്‌ മൊബൈൽ കമ്പനിയായ ടെക്‌നോ. ഐഎഫ്എ ബെർലിനിൽ കഴിഞ്ഞ ദിവസമാണ്‌ ഫോണിന്‍റെ രൂപരേഖയും മറ്റ്‌ സവിശേഷതകളും കമ്പനി പുറത്തുവിട്ടത്‌.

ടെക്‌നോ ഫാൻ്റം അൾട്ടിമേറ്റ് 2 എന്നാണ്‌ മോഡലിന്‍റെ പേര്‌. പേര് സൂചിപ്പിക്കുന്നത് പോലെ, ഡ്യുവൽ-ഹിഞ്ച് മെക്കാനിസം ഉപയോഗിച്ച് മൂന്നായി മടക്കാവുന്ന സ്‌ക്രീനാണ്‌ ഫോണിന്‍റെ പ്രത്യേകത. ഫെബ്രുവരിയിൽ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) റോളബിൾ സ്മാർട്ട്‌ഫോൺ ആശയവും ടെക്‌നോ അവതരിപ്പിച്ചിരുന്നു. ഫാൻ്റം അൾട്ടിമേറ്റ്‌ എന്ന ആ മോഡലിന്‍റെ പിൻഗാമിയായാണ് ട്രിപ്പിൾ ഫോൾഡബിൾ ഫാന്‍റം അൾട്ടിമേറ്റ്‌ രണ്ടിനെ അവതരിപ്പിച്ചിരിക്കുന്നത്‌. വലിയ 10 ഇഞ്ച് ഡിസ്‌പ്ലേയോടെയാണ്‌ ഫാന്‍റം അൾട്ടിമേറ്റ്‌ 2 എത്തുക. എന്നാൽ ഫോൺ എന്ന്‌ വിപണിയിലെത്തും എന്ന വിവരം പുറത്തുവിട്ടിട്ടില്ല.

പ്രത്യേകതകൾ

6.48 ഇഞ്ച് കവർ ഡിസ്‌പ്ലേയും 1,620 x 2,880 പിക്‌സൽ റെസല്യൂഷനുമുള്ള 10 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഇൻ്റർ സ്‌ക്രീനാണ്‌ ട്രിപ്പിൾ ഫോൾഡബിൾ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്‌. 4:3 ആസ്‌പെക്‌ട്‌റ്റ്‌ റേഷ്യോ ആണ്‌ ഈ ഡിസ്‌പ്ലേയുടെ സവിശേഷത. ടച്ച് ആൻഡ് ഡിസ്‌പ്ലേ ഡ്രൈവർ ഇൻ്റഗ്രേഷൻ (ടിഡിഡിഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന വിപണിയിലെ ആദ്യത്തെ മടക്കാവുന്ന ഉപകരണമാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

മൂന്ന്‌ തവണ മടക്കാമെങ്കിലും ഫോണിന്‍റെ കനം കൂട്ടിയിട്ടില്ല. ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ് (10.5 എംഎം) പോലുള്ള മറ്റ് ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്‌മാർട്ട്‌ഫോണുകൾക്ക് സമാനമായി 11 എംഎം കനത്തിലാണ്‌ ഡിസൈൻ. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 6ന്‌ 12.1 എംഎം കനം വരുന്നുണ്ട്‌.

Latest