Techno
ടെക്‌നോ ഫാന്റം വി ഫ്‌ലിപ്പ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി
ഒക്ടോബര്‍ ഒന്ന് മുതല്‍ ആമസോണ്‍ വഴിയാണ് ടെക്‌നോ ഫാന്റം വി ഫ്‌ലിപ്പ് 5ജിയുടെ വില്‍പ്പന ആരംഭിക്കുന്നത്.
ന്യൂഡല്‍ഹി| മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ടെക്‌നോ പുതിയ ഫോണ്‍ അവതരിപ്പിച്ചു. ടെക്‌നോ ഫാന്റം വി ഫ്‌ലിപ്പ് 5ജി എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. ടെക്‌നോയുടെ മടക്കാവുന്ന ഡിസ്‌പ്ലെയുള്ള രണ്ടാമത്തെ സ്മാര്‍ട്ട്ഫോണാണിത്. ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍ ടെക്നോ ഫാന്റം വി ഫോള്‍ഡ് ഏപ്രിലിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടെക്‌നോ ഫാന്റം വി ഫ്‌ലിപ്പ് 5ജി ക്ലാംഷെല്‍ ഡിസൈനുള്ള ഫോള്‍ഡബിള്‍ ഫോണാണ്.
വിപണിയിലുള്ള മടക്കാവുന്ന ഫോണുകളെക്കാള്‍ കുറഞ്ഞ വിലയുമായിട്ടാണ് ടെക്‌നോ ഫാന്റം വി ഫ്‌ലിപ്പ് 5ജി എത്തുന്നത്. ഐക്കോണിക് ബ്ലാക്ക്, മിസ്റ്റിക് ഡോണ്‍ എന്നീ രണ്ട് നിറങ്ങളിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 49,999 രൂപയാണ് വില. ഇത് ലോഞ്ച് ഓഫറിന്റെ ഭാഗമായിട്ടുള്ള വിലയാണ്. വൈകാതെ ഫോണിന്റെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ ആമസോണ്‍ വഴിയാണ് ടെക്‌നോ ഫാന്റം വി ഫ്‌ലിപ്പ് 5ജിയുടെ വില്‍പ്പന ആരംഭിക്കുന്നത്.
ടെക്‌നോ ഫാന്റം വി ഫ്‌ലിപ്പ് 5ജി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണില്‍ 6.9-ഇഞ്ച് ഫുള്‍-എച്ച്ഡി+ഫ്‌ലെക്‌സിബിള്‍ അമോലെഡ് ഇന്റര്‍ ഡിസ്പ്ലേയാണുള്ളത്. 1000 നിറ്റ്സ് ബ്രൈറ്റ്‌നസുള്ള മികച്ച ഡിസ്‌പ്ലെയാണിത്. എആര്‍എം മാലി ജി77 ജിപിയുമായി വരുന്ന ടെക്‌നോ ഫാന്റം വി ഫ്‌ലിപ്പ് 5ജി സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഡൈമന്‍സിറ്റി 8050 എസ്ഒസിയാണ്. 8 ജിബി എല്‍പിഡിഡിആര്‍4എക്‌സ് റാമുള്ള ഫോണില്‍ ഉപയോഗിക്കാത്ത സ്റ്റോറേജ് 16 ജിബി വരെ റാമാക്കി മാറ്റാനുള്ള സൗകര്യവും ടെക്‌നോ നല്‍കിയിട്ടുണ്ട്.
ടെക്‌നോ ഫാന്റം വി ഫ്‌ലിപ്പ് 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ കാമറ യൂണിറ്റില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും വൈഡ് ആംഗിള്‍ ലെന്‍സുള്ള 13 മെഗാപിക്‌സല്‍ സെന്‍സറുമാണുള്ളത്. ഒരു ക്വാഡ് ഫ്‌ലാഷ്ലൈറ്റ് യൂണിറ്റും ഫോണില്‍ കമ്പനി നല്‍കിയിട്ടുണ്ട്. 45ഡബ്ല്യു വയേഡ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ കമ്പനി നല്‍കിയിട്ടുള്ളത്.