Kerala
ടീസ്റ്റ സെതല്‍വാദ് ജയില്‍ മോചിതയായി
സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഇന്ന് വൈകിട്ടോടെയാണ് സബര്‍മതി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്
അഹ്മദാബാദ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ജയില്‍ മോചിതയായി. സബര്‍മതി ജയിലില്‍ നിന്നും വൈകിട്ടാണ് പുറത്തിറങ്ങിയത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കിയെന്ന കേസിലായിരുന്നു ടീസ്റ്റയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ടീസ്റ്റക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം. കേസ് ഹൈക്കോടതി പരിഗണിക്കുന്നവതുവരെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.
ഇന്നലെ ഉച്ചക്കാണ് സുപ്രിംകോടതി ടീസ്റ്റയുടെ ജാമ്യഹരജി പരിഗണിച്ചത്. എന്നാല്‍, ടീസ്റ്റയ്ക്ക് ജാമ്യം നല്‍കരുതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത്രയും ദിവസം കസ്റ്റഡിയിലെടുത്തിട്ട് ടീസ്റ്റയില്‍നിന്ന് എന്ത് തെളിവ് കിട്ടിയെന്ന് കോടതി ചോദിച്ചു. ടീസ്റ്റ അന്വേഷണത്തോട് സഹരിക്കുന്നില്ലെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ടീസ്റ്റ സുപ്രിംകോടതിയിലെത്തിയത്.