National
കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍
40 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് രേവന്ത് റെഡ്ഡി.
ഹൈദരാബാദ്| കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപ വരെയുള്ള കര്‍ഷക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. 2018 ഡിസംബര്‍ 12 മുതല്‍ 2023 ഡിസംബര്‍ ഒമ്പത് വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. 40 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടം എഴുതിത്തള്ളാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. കൃഷി ലാഭകരമായ തൊഴിലായി ഉയര്‍ത്തുക എന്നതാണ് കോണ്‍ഗ്രസ് നയമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ എട്ട് മാസം കൊണ്ടു തന്നെ വാഗ്ദാനങ്ങള്‍ പാലിച്ചു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ 10 വര്‍ഷം ഭരിച്ചിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും രേവന്ത് റെഡ്ഡി വിമര്‍ശിച്ചു.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തെലങ്കാന കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമായിരുന്നു ഇത്. ആഗസ്റ്റ് 15നകം ഈ വാഗ്ദാനം നടപ്പാക്കുമെന്ന് രേവന്ത് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടം 31,000 കോടി രൂപയാണ്.