National
തെലങ്കാനയിൽ മുസ്ലിം ഉദ്യോഗസ്ഥര്‍ക്ക് റമസാനില്‍ ജോലി സമയത്തിൽ ഇളവുമായി സർക്കാർ
പ്രീണനമെന്ന് ബി ജെ പി; ദസറക്ക് 13 ദിവസം അവധി നല്‍കാറുണ്ടെന്ന് കോണ്‍ഗ്രസ്സ്

തെലങ്കാന | റമസാന്‍ നോമ്പ് പ്രമാണിച്ച് മുസ്ലിം വിശ്വാസികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖലാ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി സമയം കുറച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാര്‍. ഒരു മണിക്കൂര്‍ നേരത്തേ ജോലി പൂര്‍ത്തിയാക്കി മടങ്ങാമെന്ന് തെലങ്കാന ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഇളവ് മാര്‍ച്ച് രണ്ട് മുതല്‍ 31 വരെ ലഭിക്കും.
സാധാരണ നിലയില്‍ വൈകിട്ട് അഞ്ച് മണി വരെയുള്ള ജോലികള്‍ നാല് മണിക്ക് പൂര്‍ത്തിയാക്കി മടങ്ങാം. മതപരമായ ചടങ്ങുകളില്‍ മുസ്ലിം ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരമൊരുക്കുകയാണ് സമയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യമുണ്ടാകുമ്പോള്‍ ജീവനക്കാര്‍ ജോലിയില്‍ തുടരണം.
അതേസമയം, തെലുങ്കാന സര്‍ക്കാറിന്റെ തീരുമാനത്തെ പ്രീണിപ്പെടുത്തല്‍ രാഷ്ട്രീയമെന്ന് വിമര്‍ശിച്ച് ബി ജെ പി രംഗത്തെത്തി. മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യം വെച്ചാണ് ഈ പ്രഖ്യാപനമെന്ന് ബി ജെ പി. എം എല്‍ എ രാജ സിംഗ് വിമര്‍ശിച്ചു. ഈ നീക്കം മതപരമായ വേര്‍തിരിവുകളിലേക്ക് നയിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പിയുടെ ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നത് ബി ജെ പിക്ക് ശീലമാണെന്നും തെലങ്കാന കോണ്‍ഗ്രസ്സ് കമ്മിറ്റി വക്താവ് സയ്യിദ് നിസാമുദ്ദീന്‍ പറഞ്ഞു. ദസറക്ക് തെലങ്കാന സര്‍ക്കാര്‍ 13 ദിവസം അവധി നല്‍കാറുണ്ട്. എല്ലാ ഉത്സവങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.