Business
വാട്സ്ആപ്പിനെ പിന്നിലാക്കി റഷ്യയില്‍ ടെലഗ്രാമിന്റെ മുന്നേറ്റം
ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ 48 ശതമാനമുണ്ടായിരുന്ന ടെലഗ്രാമിന്റെ ഷെയര്‍ മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചകളില്‍ 63 ശതമാനമായി ഉയര്‍ന്നു.
മോസ്‌കോ| യുക്രൈന്‍ അധിനിവേശത്തിനെതിരെയുള്ള നിലപാട് സ്വീകരിച്ച മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിനെ പിന്നിലാക്കി റഷ്യയില്‍ ടെലഗ്രാമിന്റെ മുന്നേറ്റം. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനപ്രിയ മെസേജിങ് ആപ്പിനെ പിന്നിലാക്കി ടെലഗ്രാം മുന്നിലെത്തിയത്. റഷ്യയുടെ നാല് പ്രധാന ടെലികോം ഓപറേറ്റര്‍മാരില്‍ ഒരാളായ മെഗാഫോണാണ് ഈ കണക്കുകള്‍ പങ്കുവെച്ചത്. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ 48 ശതമാനമുണ്ടായിരുന്ന ടെലഗ്രാമിന്റെ ഷെയര്‍ മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചകളില്‍ 63 ശതമാനമായി മാറിയിരിക്കുകയാണ്. എന്നാല്‍ വാട്സ് ആപ്പിന്റെ ഷെയര്‍ 48ല്‍ നിന്ന് 32 ശതമാനമായി കുറയുകയും ചെയ്തു എന്നാണ് മെഗാഫോണ്‍ വ്യക്തമാക്കിയത്.
ശരാശരി ടെലഗ്രാം ഉപഭോക്താവ് 101 എംബി ദിനംപ്രതി ഉപയോഗിച്ചപ്പോള്‍ വാട്സ്ആപ്പ് ഉപഭോക്താവ് 26 എംബി മാത്രമാണ് വിനിയോഗിച്ചത്. റഷ്യക്കാരനായ പവേല്‍ ഡുറോവ് സ്ഥാപിച്ച ടെലഗ്രാം റഷ്യയിലെ പ്രധാന ന്യൂസ് പ്ലാറ്റ്ഫോമുകളിലൊന്നാണ്. പ്രധാന മാധ്യമങ്ങള്‍, ഗവണ്‍മെന്റ് സംവിധാനം, പ്രശസ്ത വ്യക്തികള്‍ എന്നിവര്‍ക്കെല്ലാം ടെലഗ്രാം ചാനലുകളുണ്ട്. ഇതര സാമൂഹിക മാധ്യമങ്ങള്‍ക്കും മെസേജിങ് ആപ്പുകള്‍ക്കുമെതിരെയുള്ള നിരോധനവും നിയന്ത്രണവും ടെലഗ്രാമിന്റെ വളര്‍ച്ചക്ക് കാരണമായതായി മെഗാഫോണ്‍ ചൂണ്ടിക്കാട്ടി. റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതലാണ് ഈ വളര്‍ച്ച തുടങ്ങിയത്.