Connect with us

Ongoing News

ഇതുവരെ കാണാത്ത പ്രത്യേകതകള്‍ അവതരിപ്പിച്ച് ടെലഗ്രാം

ചാറ്റ് ടെക്സ്റ്റിന്റെ ഭാഗങ്ങള്‍ മറയ്ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| സന്ദേശ കൈമാറ്റ ആപ്പ് ടെലഗ്രാം 2021ന്റെ അവസാന ദിവസം ഒരു കൂട്ടം പുതിയ പ്രത്യേകതകള്‍ അവതരിപ്പിച്ചു. ചാറ്റ് ടെക്സ്റ്റിന്റെ ഭാഗങ്ങള്‍ മറയ്ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു. ചാറ്റ് ടെക്സ്റ്റിന്റെ ഭാഗങ്ങള്‍ മറയ്ക്കാനുള്ള സംവിധാനത്തെ സ്പോയിലര്‍ എന്നാണ് പറയുന്നത്. ലഭിക്കുന്ന സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് ഒരു സന്ദേശ കൈമാറ്റ ആപ്പില്‍ ഇത്തരം ഒരു പ്രത്യകത അവതരിപ്പിക്കപ്പെടുന്നത്.

ടെലഗ്രാം ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഇമോജി വഴി സന്ദേശങ്ങളോട് പ്രതികരിക്കാന്‍ കഴിയും. ഈ ഫീച്ചര്‍ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഐമെസേജ് തുടങ്ങിയ ആപ്പുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ ഇത് കുറച്ചുകൂടി മോടികൂട്ടി ടെലഗ്രാമില്‍ എത്തുകയാണ്. ആനിമേറ്റഡ് ഇമോജികള്‍ ആദ്യമായി അവതരിപ്പിച്ച മെസേജ് ആപ്പാണ് ടെലഗ്രാം. ഇമോജി ഉപയോഗിച്ച് ഒരു സന്ദേശത്തോട് പ്രതികരിക്കുന്നതിന്, സന്ദേശത്തില്‍ ഒരിക്കല്‍ ടാപ്പ് ചെയ്താല്‍ വിവിധ ഇമോജികള്‍ ലഭിക്കും. ഇതില്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമോജി ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്. റിയാക്ഷന്‍ ഫീച്ചര്‍ സ്വകാര്യ ചാറ്റില്‍ ഉപയോഗിക്കാം. ഗ്രൂപ്പുകളിലും ചാനലുകളിലും ചെയ്യാം. റിയാക്റ്റ് ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം.

സ്‌പോയിലര്‍ ഫീച്ചര്‍

സ്പോയിലര്‍ ഫീച്ചര്‍ ഉപയോഗിച്ച്, ടൈപ്പ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ടെക്സ്റ്റിന്റെ ഏത് ഭാഗവും തിരഞ്ഞെടുക്കാനും പുതിയ ‘സ്പോയിലര്‍’ ഫോര്‍മാറ്റിംഗ് തിരഞ്ഞെടുക്കാനും കഴിയും. സ്പോയിലര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍, സന്ദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ചാറ്റിലും ചാറ്റ് ലിസ്റ്റുകളിലും അറിയിപ്പുകളിലും മറയ്ക്കാന്‍ കഴിയും.

ട്രാന്‍സ്‌ലേഷന്‍

ഇതുവരെ ഒരു മെസേജിംഗ് ആപ്പും അവതരിപ്പിക്കാത്ത പ്രധാനപ്പെട്ട ഫീച്ചറുകളില്‍ ഒന്നാണ് സന്ദേശ വിവര്‍ത്തനം. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഏത് സന്ദേശവും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയും. സെറ്റിങ്‌സ്, ലാംഗ്വേജ് എന്നതില്‍ ട്രാന്‍സ്‌ലേഷന്‍ ഓണാക്കണം. ഇതോടെ ഒരു സന്ദേശം തിരഞ്ഞെടുക്കുമ്പോള്‍ മെനുവിലേക്ക് ഒരു പുതിയ വിവര്‍ത്തന ബട്ടണ്‍ ചേര്‍ക്കുന്നു. ടെലഗ്രാമിനെ പിന്തുണയ്ക്കുന്ന എല്ലാ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലും വിവര്‍ത്തനം ലഭ്യമാണ്. എന്നാല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഐഒഎസ് 15പ്ലസ് ആവശ്യമാണ്.

 

Latest