Connect with us

Uae

ടെലിമാർക്കറ്റിംഗ് ദുരുപയോഗം; രണ്ടായിരത്തിലധികം പേർക്കെതിരെ നടപടി

നിയമലംഘകർക്ക് 150,000 ദിർഹം വരെ പിഴ നൽകും

Published

|

Last Updated

ദുബൈ | യു എ ഇയിൽ അടുത്തിടെ നടപ്പാക്കിയ ടെലിമാർക്കറ്റിംഗ് ചട്ടങ്ങൾ ലംഘിച്ച രണ്ടായിരത്തിലധികം വ്യക്തികൾക്കും ബിസിനസുകൾക്കുമെതിരെ ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടി ഡി ആർ എ) നടപടി സ്വീകരിച്ചു.

ലാൻഡ്്ലൈൻ അല്ലെങ്കിൽ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുള്ള ടെലിമാർക്കറ്റിംഗ് കോളുകൾ കർശനമായി നിരോധിക്കുന്നതാണ് പുതിയ നിയന്ത്രണങ്ങൾ.മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി വ്യക്തിഗത നമ്പറുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയവർക്ക് പിഴ ചുമത്തുകയും ഫോൺ നമ്പറുകൾ താത്കാലികമായി നിർത്തിെവക്കുകയും ചെയ്തു.

ആഗസ്റ്റ് പകുതിയോടെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. മാർക്കറ്റിംഗ് കോളുകൾ നിയന്ത്രിക്കാനും ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കാനും ലക്ഷ്യമിടുന്നതാണ് കാബിനറ്റ് അംഗീകരിച്ച ഈ നിയമം. കമ്പനികൾ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്നതിനായി നിയുക്ത ചാനലുകളും സമയവും പിന്തുടരേണ്ടതുണ്ട്. വ്യക്തിഗത ലാൻഡ്്ലൈനോ മൊബൈൽ നമ്പറുകളോ മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികളെ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ടി ഡി ആർ എ ഊന്നിപ്പറഞ്ഞു.

നിയമലംഘകർക്ക് 150,000 ദിർഹം വരെ പിഴ നൽകും. ലൈസൻസ് നിർത്തിവെക്കുകയോ റദ്ദാക്കുകയോ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. കുറ്റം ആവർത്തിക്കുന്നവർക്ക് ഒരു വർഷത്തേക്ക് ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളും നിഷേധിക്കപ്പെട്ടേക്കാം.