Kerala
സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യത; 10 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പത്തു ജില്ലകളില്‍ താപനില രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്ന് പത്ത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തു ജില്ലകളില്‍ താപനില രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ഉയര്‍ന്ന താപനില 39ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലത്ത് 38ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന താപനില സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നീ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.