Saudi Arabia
ഹജ്ജ് വേളയിൽ താപനില 45 ഡിഗ്രി മുതൽ 48 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്
സഊദിയിൽ താപനില 48 ഡിഗ്രി സെൽഷ്യസ്
മക്ക|ഈ ഹജ്ജ് സീസണില്‍ സഊദിയില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. പകല്‍ സമയങ്ങളില്‍ 45 മുതല്‍ 48 ഡിഗ്രി വരെ താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് സഊദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.
മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും തായിഫ് നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിമിന്നലുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.പകല്‍ സമയത്ത് ശക്തമായ ഉപരിതല കാറ്റിന് സാധ്യതയുണ്ടെന്നും സെന്റര്‍ ഫോര്‍ മെറ്റീരിയോളജി സിഇഒ അയ്മാന്‍ ബിന്‍ സാലിം ഗുലാം പറഞ്ഞു.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ടുകള്‍ പ്രകാരം മക്ക, മദീന, അല്‍-അഹ്‌സ, അറഫാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന താപനിലയായ 48 ഡിഗ്രി രേഖപ്പെടുത്തിയത്. ദമാം, ബുറൈദ, ഹഫ്ര്‍ അല്‍-ബത്തീന്‍, മിന, മുസ്ദലിഫ എന്നിവിടങ്ങളില്‍ താപനില 47 ഡിഗ്രിയും അല്‍-ഖര്‍ജ്, അല്‍-ഉല എന്നിവിടങ്ങളില്‍ 46 ഡിഗ്രിയും രേഖപ്പെടുത്തിയതായും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് സീസണിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ഏകോപന യോഗങ്ങളും ശില്‍പശാലകളും പരിശീലന സെഷനുകളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. പുണ്യസ്ഥലങ്ങള്‍, മദീന, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും കാലാവസ്ഥ നിരീക്ഷിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്
പുണ്യസ്ഥലങ്ങളിലും,മസ്ജിദുല്‍ ഹറമിലും കാലാവസ്ഥ നിരീക്ഷിക്കാന്‍ മൊബൈല്‍ റഡാറും,അന്തരീക്ഷ പാളികള്‍ നിരീക്ഷിക്കാനും ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കാനും മൊബൈല്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും സജ്ജമായിട്ടുണ്ട്. പുണ്യസ്ഥലങ്ങളില്‍ 12 മാധ്യമ ചാനലുകളിലായി ദിവസേന കാലാവസ്ഥാ ബുള്ളറ്റിനുകളും സന്ദേശങ്ങളും സംപ്രേക്ഷണം ചെയ്യും.