Connect with us

Kerala

ക്ഷേത്രത്തിലെ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

പ്രതിയുമായി തെളിവെടുപ്പ് നടത്തി

Published

|

Last Updated

തിരുവല്ല | തിരുവല്ലയിലെ നെടുമ്പ്രം പുത്തന്‍കാവ് ദേവീ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴ തലവടി വാഴയില്‍ വീട്ടില്‍ വാവച്ചനെന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി ( 60) ആണ് അറസ്റ്റില്‍ ആയത്.

ഇക്കഴിഞ്ഞ നവംബര്‍ 30ന് പുലര്‍ച്ചയോടെയായിരുന്നു മോഷണം. ക്ഷേത്രത്തിലെ പ്രധാന നടയുടെയും ഉപദേവത നടകളുടെ മുമ്പില്‍ ഉണ്ടായിരുന്ന കാണിക്ക വഞ്ചികള്‍ അടക്കം കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപ ഇയാള്‍ കവര്‍ന്നിരുന്നു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സി സി ടി വിയില്‍ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പുന്നപ്ര അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നടത്തിയ കവര്‍ച്ചയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് മാത്തുക്കുട്ടി പുന്നപ്ര പോലീസിന്റെ പിടിയിലായി.

ഈ വിവരം അറിഞ്ഞ പുളിക്കീഴ് പോലീസ് പുന്നപ്ര സ്റ്റേഷനില്‍ എത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആലപ്പുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയെ പുളിക്കീഴ് എസ് ഐ. കെ സുരേന്ദ്രന്‍, സി പി ഒമാരായ സി ആര്‍ രവി കുമാര്‍, രഞ്ചു കൃഷ്ണന്‍, എസ് അലോക് എന്നിവര്‍ അടങ്ങുന്ന സംഘം ജയിലിലെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടര്‍ന്ന് പ്രതിയെ പുത്തന്‍കാവ് ദേവി ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കൊണ്ടുവന്നതറിഞ്ഞ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും സമീപവാസികളും സ്ഥലത്തെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും മോഷണ ശേഷം നാടുവിടുന്നതും പതിവാക്കിയിരുന്നതിനാല്‍ പ്രതിയെ പിടികൂടുന്നതിന് പോലീസിന് കാലതാമസം നേരിട്ടിരുന്നു.

---- facebook comment plugin here -----

Latest