Connect with us

International

ഗസ്സയിൽ താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ; ഹമാസ് 13 ഇസ്റാഈലികളെയും ഇസ്റാഈൽ 39 ഫലസ്തീനികളെയും വിട്ടയച്ചു

ഇസ്റാഈലിന്റെ ക്രൂരതകൾക്കിരകളായി തടവിൽ കഴിഞ്ഞിരുന്ന പലർക്കും മോചനം വിശ്വാസിക്കാനായില്ല. വർഷങ്ങൾക്ക് ശേഷം ഉറ്റവരെയും ഉടയവരെയും കണ്ട അവർ സന്തോഷാധിക്യത്താൽ മനംപൊട്ടിക്കരഞ്ഞു.

Published

|

Last Updated

ജറുസലേം | ഒന്നര മാസം നീണ്ട അക്രമങ്ങൾക്ക് ഒടുവിൽ താത്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഗസ്സ ശാന്തം. ഇടതടവില്ലാതെ ബോംബറുകൾ വീഴുകയും കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് നിരപരാധികൾ മരിച്ചുവീഴുകളയും ചെയ്ത നാളുകൾക്ക് താത്കാലിക ഇടവേള ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഗസ്സ നിവാസികൾ. യുദ്ധവിമാനങ്ങളുടെ ഭയാനക ശബ്ദം നിലച്ചതോടെ ഗസ്സ നിവാസികൾ അഭയാർഥി ക്യാമ്പുകളിൽ നിന്നും മറ്റു പുറത്തേക്കിറങ്ങി. സ്വന്തം വീട് നിന്നിരുന്ന സ്ഥലത്ത് കോൺഗ്രീറ്റ് അവശിഷ്ടങ്ങൾ കണ്ട് പലുടെയും സമനില തെറ്റിയെങ്കിലും ജീവനെങ്കിലും ബാക്കിയായതിന്റെ ആശ്വാസിത്തിലായിരുന്നു അവർ.

അതിനിടെ, താൽകാലിക വെടിനിർത്തൽ കരാർ പ്രകാരം 13 ഇസ്റാഈലി തടവുകാരെ ഹമാസ് വിട്ടയച്ചു. നാല് കുട്ടികളും 85 വയസ്സുകാരിയും ഇതിൽ ഉൾപ്പെടും. ഇതിന് പുറമെ 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീൻ പൗരനെയും ഹമാസ് വിട്ടയച്ചിട്ടുണ്ട്. തായ് പൗരന്മാരെ മോചിപ്പിച്ച വിവരം തായ്‌ലന്‍ഡ് പ്രധാനമന്ത്രിയാണ് അറിയിച്ചത്. തായ്‌ലന്‍ഡിൽനിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്‍റെ ഭാഗമായല്ല. ഈജിപ്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് തായ് പൗരന്മാരുടെ മോചനമെന്നാണു റിപ്പോര്‍ട്ട്. മോചിതാരായവരെ വൈദ്യപരിശോധനകൾക്കായി ഈജിപ്ഷ്യൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇതിനു പിന്നാലെ ഇസ്റാഈൽ 39 ഫലസ്തീൻ തടവുകാരെയും മോചിപ്പിച്ചു. 24 സ്ത്രീകളും 15 കൗാമരക്കാരായ ആൺകുട്ടികളുമാണ് മോചിതരായത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വർഷങ്ങളായി ഇസ്റാഈൽ ജയിലുകളിൽ കഴിയുന്നവരെ ഉൾപ്പെടെ ഇസ്റാഈൽ വിട്ടയച്ചത്. എട്ടര വർഷമായി ഇസ്റാഈലിന്റെ തടവിൽ കഴിയുന്ന യുവതിയും കൂട്ടത്തിലുണ്ട്. മോചനം നേടി ജന്മനാട്ടിൽ തിരിച്ചെത്തിയ ഫലസ്തീനികളെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഹൃദ്യമായി വരവേറ്റു.

ഇസ്റാഈലിന്റെ ക്രൂരതകൾക്കിരകളായി തടവിൽ കഴിഞ്ഞിരുന്ന പലർക്കും മോചനം വിശ്വാസിക്കാനായില്ല. വർഷങ്ങൾക്ക് ശേഷം ഉറ്റവരെയും ഉടയവരെയും കണ്ട അവർ സന്തോഷാധിക്യത്താൽ മനംപൊട്ടിക്കരഞ്ഞു. ചിലർ സ്വന്തം മണ്ണിൽ കാലുകുത്താനായതിന്റെ സന്തോഷത്തിൽ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി സുജൂദിൽ വീണു. തീർത്തും വികാരഭരിതമായിരുന്നു ഫലസ്തീനികളുടെ ജന്മനാട്ടിലേക്കുള്ള മടങ്ങിവരവ്.

വെസ്റ്റ് ബാങ്കിൽ 28 പേരെയും കിഴക്കൻ ജറുസലേമിൽ 11പേരെയുമാണ് ഇസ്റാഈൽ മോചിപ്പിച്ചത്. വിട്ടയക്കുന്നതിന് മുമ്പ് തടവിലാക്കപ്പെട്ടവരുടെ ഡിഎൻഎ പരിശോധന നടത്തിയിരുന്നു.

ഖത്തർ മുൻകൈ എടുത്ത് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഗസ്സയിൽ നാല് ദിവസത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വന്നത്. വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് 50 ബന്ദികളെയും ഇസ്റാഈൽ 150 ബന്ദികളെയും മോചിപ്പിക്കും. ഇതിന്റെ ആദ്യഘട്ടമാണ് ഇന്നലെ നടന്ന തടവുകാരുടെ കൈമാറ്റം.

Latest