Kerala
നടൻ സിദ്ദീഖിന് താത്കാലികാശ്വാസം; ലൈംഗികാരോപണ കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി | ലൈംഗികാരോപണ കേസിൽ നടൻ സിദ്ദീഖിന് താത്കാലികാശ്വാസം. സിദ്ദീഖിന്റെ അറസ്റ്റ് കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള നടന്‍ സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്ന് കോടതി സിദ്ദിഖിന് നിർദേശം നൽകി. ഈ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദീഖിന് ഹാജരാകേണ്ടി വരും. സിദ്ദീഖിന് എതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് യുവനടി പരാതി നൽകിയത്. കേസിൽ സിദ്ദീഖിന് ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ചത്.
സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി.