National
കേരളത്തിന് താത്ക്കാലിക ആശ്വാസം; 13,600 കോടി രൂപ നല്‍കാമെന്ന് സമ്മതിച്ച് കേന്ദ്രം
15,000 കോടി കൂടി വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളണമെന്ന് കോടതി.
ന്യൂഡല്‍ഹി | സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കേരളത്തിന് താത്ക്കാലിക ആശ്വാസമായി 13,600 കോടി രൂപ നല്‍കാമെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത് സ്വീകാര്യമാണെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍, 15,000 കോടി കൂടി വേണ്ടിവരുമെന്നും അതിനും അനുമതി നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളണമെന്ന് കോടതി നിര്‍ദേശിച്ചു.
സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചാല്‍ 13,600 കോടി ഉടന്‍ അനുവദിക്കാമെന്ന കേന്ദ്ര വാഗ്ദാനം കേരളം തള്ളിയിരുന്നു. തുക നല്‍കാന്‍ ഹരജി പിന്‍വലിക്കണമെന്ന ഉപാധി കേന്ദ്രം ഒഴിവാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. അടിയന്തരമായി 26,000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം. ഹരജി നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവും കേരളവും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും വിഫലമായിരുന്നു.
കേരളം നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്ന് കേരളം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. പെന്‍ഷനും ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ല. ശമ്പളം നല്‍കാനുള്ള പണം മാത്രമാണുള്ളത്. ഓവര്‍ ഡ്രാഫ്റ്റിന്റെ സാഹചര്യമാണുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.