Connect with us

from print

താത്കാലിക അധ്യാപകർക്ക് ഓണത്തിന് മുമ്പ് വേതനം ലഭിച്ചേക്കും

വേതനം മുടങ്ങിയിട്ട് രണ്ട് മാസം

Published

|

Last Updated

കോഴിക്കോട് | താത്കാലിക അധ്യാപകരുടെ വേതനം ഓണത്തിന് മുമ്പ് തന്നെ പൂർണമായും വിതരണം നടത്താൻ നീക്കം. വേതനം വൈകുന്ന സാഹചര്യത്തിൽ സർക്കാർ തലത്തിൽ അടിയന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇത്തരം അധ്യാപകർക്ക് താത്കാലിക പെൻ നമ്പർ അനുവദിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ കൂടുതൽ ജീവനക്കാർക്ക് ചുമതല നൽകി.

സർക്കാർ സ്‌കൂളുകളിലെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്കാണ് രണ്ട് മാസമായി വേതനം ലഭിക്കാത്തത്. ഈ വർഷം ജൂൺ മുതൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണത്തെ തുടർന്നാണ് ഇവർക്ക് വേതനം വൈകിയത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭരണ – പ്രതിപക്ഷ അധ്യാപക സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഓണത്തിന് മുമ്പായി അടിയന്തര ക്രമീകരണങ്ങൾ നടത്തി വേതനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.

ഇന്നലെ ചേർന്ന ക്യു ഐ പി യോഗത്തിൽ എ ഡി പി ഐമായ സി സന്തോഷ്, ഷൈൻ മോഹൻ എന്നിവർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സർക്കാറിന്റെ സാമ്പത്തിക പ്രയാസമാണ് ഇവർക്കുള്ള ദിവസ വേതനം വൈകാൻ കാരണമെന്നായിരുന്നു ആക്ഷേപം. എന്നാൽ പുതിയ സംവിധാനത്തിലേക്ക് മാറിയതാണ് വേതനം ലഭിക്കാൻ കാലതാമസം നേരിട്ടതെന്നാണ് സർക്കാറുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. നേരത്തേ നാല് ദിവസത്തിനുള്ളിൽ താത്കാലിക പെൻ നമ്പർ ഉൾപ്പെടെയുള്ളവ അധ്യാപകർക്ക് ലഭിച്ചിരുന്നു. എന്നാൽ ഈ അധ്യയന വർഷം ഇതുവരെയും ഭൂരിപക്ഷം പേർക്കും പെൻ നമ്പർ ലഭിച്ചിട്ടില്ല.

ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇത് പരിഹരിക്കുന്നതിനാണ് കൂടുതൽ ജീവനക്കാർക്ക് ചുമതല നൽകിയിരിക്കുന്നത്. എൽ പി, യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ആയിരക്കണക്കിന് അധ്യാപകരെയാണ് ദിവസ വേതനത്തിൽ നിയമിച്ചത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest