Connect with us

National

മണിപ്പൂരിൽ പത്ത് കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിച്ചു; കൊള്ളയടിക്കപ്പെട്ട നിരവധി ആയുധങ്ങൾ കണ്ടെടുത്തു

സിആർപിഎഫിന്റെ 5, ബിഎസ്എഫിന്റെ 3, ഐടിബിപിയുടെയും എസ്എസ്ബിയുടെയും ഓരോ കമ്പനികളെയും അധികമായി വിന്യസിക്കും.

Published

|

Last Updated

ഇംഫാൽ | മണിപ്പൂരിൽ കുക്കി-മെയ്‌തേയ് സമുദായങ്ങൾ തമ്മിലുള്ള അക്രമം തടയാൻ കേന്ദ്രസർക്കാർ 10 കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കാൻ തീരുമാനിച്ചു. സിആർപിഎഫിന്റെ 5, ബിഎസ്എഫിന്റെ 3, ഐടിബിപിയുടെയും എസ്എസ്ബിയുടെയും ഓരോ കമ്പനികളെയും അധികമായി വിന്യസിക്കും.

സൈന്യത്തിന്റെ ആയുധങ്ങൾ ജനക്കൂട്ടം കൊള്ളയടിച്ച സംഭവത്തിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് ജനക്കൂട്ടം മൊയ്‌റാംഗ്, നരൻസേന പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും 685 ആയുധങ്ങളും 20,000 ലധികം വെടിയുണ്ടകളും കൊള്ളയടിക്കുകയും ചെയ്തത്.

എകെ 47, ഇൻസാസ് റൈഫിളുകൾ, കൈത്തോക്കുകൾ, മോർട്ടാറുകൾ, കാർബൈനുകൾ, ഹാൻഡ് ഗ്രനേഡുകൾ, ബോംബുകൾ എന്നിവ കൊള്ളയടിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് താഴ്‌വരയിലെ പോലീസ് സ്റ്റേഷനുകൾ മാത്രമല്ല, മലയോര ജില്ലകളിലും കൊള്ള നടന്നതായി പോലീസ് കൺട്രോൾ റൂം ശനിയാഴ്ച പറഞ്ഞു.

ഈ ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി സുരക്ഷാ സേന കുന്നുകളിലും താഴ്‌വരകളിലും തുടർച്ചയായി തിരച്ചിൽ നടത്തുകയാണ്. മലയോര ജില്ലകളിൽ നിന്ന് ഇതുവരെ 138 ആയുധങ്ങളും 121 വെടിക്കോപ്പുകളും കണ്ടെടുത്തു. താഴ്‌വര ജില്ലകളിൽ നിന്ന് 1057 ആയുധങ്ങളും 14,201 വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

Latest