Connect with us

kite victers

കൈറ്റ് വിക്ടേഴ്‌സില്‍ പത്ത്, പ്ലസ് ടു സംശയ നിവാരണത്തിന് ലൈവ് ഫോണ്‍ ഇന്‍ പരിപാടി

ടോള്‍ഫ്രീ നമ്പര്‍ 1800 425 9877. ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റം

Published

|

Last Updated

തിരുവനന്തപുരം | പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോണ്‍ ഇന്‍ പരിപാടി കൈറ്റ് വിക്ടേഴ്‌സില്‍ വ്യാഴം മുതല്‍ ആരംഭിക്കും. മുഴുവന്‍ ക്ലാസുകളുടെയും സമയക്രമത്തിലും വ്യാഴം മുതല്‍ മാറ്റമുണ്ട്. പത്താം ക്ലാസുകാര്‍ക്ക് വൈകുന്നേരം അഞ്ചര മുതല്‍ ഏഴ് വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി ഏഴര മുതല്‍ ഒമ്പത് വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ കൈറ്റ്‌ വിക്ടേഴ്‌സില്‍ സംശയനിവാരണം നടത്താം. പത്താം ക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ ആറിന് പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസില്‍ ശനിയാഴ്ച വരെ തുടര്‍ച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും ഈ മാസം ഏഴ് മുതല്‍ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം വിഷയങ്ങളുമാണ് ലൈവ് ഫോണ്‍ ഇന്‍. ഈ മാസം 12 ന് ഭാഷാവിഷയങ്ങളിലും ലൈവ് നല്‍കും.

പ്ലസ് ടു വിഭാഗത്തിന് വ്യാഴം മുതല്‍ 12 വരെ തുടര്‍ച്ചയായി കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, മാത്‌സ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളും ഈ മാസം 13 ന് ഭാഷാവിഷയങ്ങളും 14 ന് പൊളിറ്റിക്കല്‍ സയന്‍സും ലൈവ് ഫോണ്‍ഇന്‍ പരിപാടിയില്‍ ലഭ്യമാകും. കൈറ്റ്‌വിക്ടേഴ്‌സ് പ്ലസില്‍ അടുത്ത ദിവസം വൈകീട്ട് ഏഴരക്ക് പത്താം ക്ലാസിലേതും വൈകുന്നേരം അഞ്ചരക്ക് പ്ലസ് ടുവും പുനഃസംപ്രേഷണം ചെയ്യുമെന്നും കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത്ത് അറിയിച്ചു.

കൈറ്റ് പ്രക്ഷേപണം ചെയ്യുന്ന ക്ലാസുകളുടെ സമയക്രമത്തിലും വ്യാഴം മുതല്‍ മാറ്റമുണ്ട്. പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ ഏഴര മുതല്‍ 10.30 വരെയാണ്. പ്ലസ് വണിന് ദിവസവും ആറ് ക്ലാസുകള്‍ വീതമുണ്ടാകും. ഇതിന്റെ പുനഃസംപ്രേഷണം അടുത്ത ദിവസം കൈറ്റ്‌വിക്ടേഴ്‌സ് പ്ലസില്‍ ഉച്ചയ്ക്ക് 12.30 ന് ലഭ്യമാകും. പ്രീപ്രൈമറി രാവിലെ 10.30നും ഒന്നും രണ്ടും ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00നും 12.30നും ആയിരിക്കും. ഇവയുടെ പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ വൈകുന്നേരം മൂന്നരക്കും രാവിലെ ഏഴിനും ഏഴരക്കുമായിരിക്കും. മൂന്ന്, നാല് ക്ലാസുകള്‍ക്ക് ഇനിമുതല്‍ ദിവസവും രണ്ടുക്ലാസുകള്‍ ഉച്ചക്ക് ഒന്ന് മുതലും രണ്ട് മുതലും ഒരു മണിക്കൂര്‍ വീതമുണ്ടാകും. ഇവ അടുത്ത ദിവസം രാവിലെ എട്ടിനും ഒമ്പതിനും പുനഃസംപ്രേഷണം ചെയ്യും. അഞ്ചും ഏഴും ക്ലാസുകള്‍ ഉച്ചക്ക് മൂന്നിനും മൂന്നരക്കും എട്ടാം ക്ലാസിന് വൈകുന്നേരം നാല് മുതല്‍ അഞ്ചര വരെയുമാണ് ക്ലാസ് പ്രക്ഷേപണം ചെയ്യുക. ഒന്‍പതാം തരത്തിന് രാവിലെ പതിനൊന്ന് മുതല്‍ രണ്ടുക്ലാസുകള്‍ പ്രക്ഷേപണം ചെയ്യും. ആറാം ക്ലാസിന്റെ സംപ്രേഷണം പൂര്‍ത്തിയായെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. മുഴുവന്‍ ക്ലാസുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാകും.

Latest