Kerala
പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; കൗമാരക്കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍
കുട്ടിയെ വീടിനു സമീപത്തുനിന്നും കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മുറില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു
![](https://assets.sirajlive.com/2025/02/ambarr-897x538.jpg)
പത്തനംതിട്ട | അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ വീട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡിലായി. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. ചേന്നംപുത്തൂര്‍ കോളനിക്ക് സമീപം വച്ചായിരുന്നു സംഭവം.
ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ഇയാള്‍ കുട്ടിയെ വീടിനു സമീപത്തുനിന്നും കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മുറില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് തുടര്‍ന്ന് 15 വയസുകാരനും പീഡിപ്പിച്ചു. ഇത് സംബന്ധിച്ച കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെ ഏ എസ് ഐ മഞ്ചുമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാറിനാണ് അന്വേഷണച്ചുമതല. പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി, തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം,പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും സുധീഷ് രമേഷിനെ ചേന്നംപുത്തൂര്‍ കോളനിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയുടെയും കൗമാരക്കാരന്റെയും ഫോട്ടോ ഫോണില്‍ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞിരുന്നു.കൗമാരക്കാരനെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.