Connect with us

Uae

പരാജയപ്പെട്ട ഭീകരവാദത്തിന് പത്തു വർഷം ,മേഖല ഉയർത്തെഴുന്നേറ്റു 

ഫലസ്തീനിൽ ദിവസവും നൂറുകണക്കിനാളുകൾ കൊല്ലപ്പെടുന്നു .ഐ എസ് തകർന്ന പോലെ ,ഇസ്രാഈലിനും മറ്റൊന്നല്ല വിധി 

Published

|

Last Updated

മധ്യ പൗരസ്ത്യ ദേശത്തെ കാൽകീഴിലാക്കാൻ ഐ എസ് ഭീകരവാദികൾ,പരാജയപ്പെട്ട പടയോട്ടം തുടങ്ങിയിട്ട് പത്ത്‌ വർഷത്തിലേറെ ആയിരിക്കുന്നു .2014  ജൂണിലാണ് ഇറാഖിലെ മൊസൂൾ ഐ എസിനു മുന്നിൽ കീഴടങ്ങിയത് .ആഴ്ചകൾക്കുള്ളിൽ അരലക്ഷത്തിലധികം ആളുകൾ അവിടെ നിന്ന്  പലായനം ചെയ്തു. വ്യോമസേന കേഡറ്റുകൾ ഉൾപ്പെടെ 1,700 പേർ കൊല്ലപ്പെട്ടു . യസീദി ന്യൂനപക്ഷത്തിനും മറ്റുള്ളവർക്കും എതിരായ വംശഹത്യകളുമുണ്ടായി . മൊസൂളിനു പിന്നാലെ , തിക്രിത്, ഫലൂജ, റമാദി     നഗരങ്ങളും പിളർന്നു.പത്ത് വർഷത്തിനു ശേഷം ഇറാഖ് പതുക്കെ തിരിച്ചു വരികയാണ് .കഴിഞ്ഞ ദിവസം ഹൽഫയ എണ്ണ ഖനന പ്രദേശത്തു പ്രകൃതിവാതക സംസ്കരണ കേന്ദ്രം ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ശിയാ അൽ സുഡാനി ഉദ്ഘാടനം ചെയ്തു .ഗൾഫ് രാജ്യങ്ങളിൽ നിന്ന് സഞ്ചാരികൾ ഇറാഖിലെങ്ങും എത്തുന്നു .എന്നാൽ,ഭീകരവാദികൾ എത്രമാത്രം നാശമാണ് ഇറാഖിലും സിറിയയിലും വരുത്തിവെച്ചതെന്നു ഇടയ്ക്കിടെ ഏവരും,വിശേഷിച്ചു അമേരിക്ക  ഓർക്കേണ്ടതുണ്ട് .അമേരിക്കയും സഖ്യ കക്ഷികളുമാണ് മധ്യ പൗരസ്ത്യ ദേശത്തു അസ്വാസ്ഥ്യങ്ങൾ സൃഷ്ടിച്ചത് .ഫലസ്തിനിൽ ഇസ്രാഈൽ  ആയിരങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവരുടെ പിന്തുണയോടെ .
2003-ലെ അമേരിക്കൻ  അധിനിവേശമായിരുന്നു ഇറാഖിന്റെ ശൈഥില്യത്തിന്  തുടക്കം കുറിച്ചത്  .ഇറാഖിൽ ഭരണാധികാരി സദ്ദാം ഹുസൈൻ ആണവായുധങ്ങൾ നിറച്ചിരിക്കുന്നു എന്ന് ഇല്ലാക്കഥ പ്രചരിപ്പിച്ചു .  തുടർന്ന് ഇറാഖിനെതിരെ വ്യോമാക്രമണങ്ങൾ .ഇറാഖ് തകർന്നു .സദ്ദാമിനെ തൂക്കിലേറ്റി .ഈ അരക്ഷിതാവസ്ഥയിൽ നിന്നാണ് ഐ എസ് ഉദയം കൊണ്ടത് .  മിലിഷ്യകളും തീവ്രവാദ ഗ്രൂപ്പുകളും, പലപ്പോഴും വിദേശ പിന്തുണയോടെ ആക്രമണങ്ങൾ തുടങ്ങി . ഈ സായുധ സംഘങ്ങളിൽ പലതും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവയായിരുന്നു.
അതേസമയം, ഇറാഖി സൈന്യവും പോലീസും ക്രമസമാധാനം പാലിക്കാൻ കഴിയാത്തവിധം ദുർബലരായിരുന്നു.അമേരിക്ക ദുർബലമാക്കിയിരുന്നു . അല്ലെങ്കിൽ കൊലപാതകങ്ങളിൽ പങ്കാളികളായിരുന്നു. 2011-ൽ യുഎസ് സേന പിൻവലിഞ്ഞതിനെത്തുടർന്ന് സ്ഥിതി കൂടുതൽ വഷളായി.ഭീകരവാദികൾ ഒരു വേള മധ്യപൗരസ്ത്യദേശത്തെ വിഴുങ്ങുമെന്നു തോന്നിക്കുന്ന തരത്തിലായിരുന്നു മുന്നേറ്റം .എങ്ങും ആക്രമണങ്ങൾ .അവരുടെ കറുത്ത പതാക ലോകത്തെ ഭീതിയിലാഴ്ത്തി .സിറിയയിൽ നിന്ന് പതിനായിരങ്ങൾ പലായനം ചെയ്തു .രക്ഷപ്പെടാനുള്ള തത്രപ്പാടിൽ പൊലിഞ്ഞ ജീവനുകളും  ലോകത്തിന്റെ കണ്ണീരായി.ഐലൻ കുർദി ,പിഞ്ചോമന കടൽതീരത്തു ജീവനറ്റു കിടന്നത് ഓർക്കുന്നില്ലേ ?പതിറ്റാണ്ടു മുമ്പ്  മൊസൂളിൻ്റെ പതനം സമീപകാല ചരിത്രത്തിൽ ഒരു ആധുനിക സൈന്യത്തിൻ്റെ ഏറ്റവും അപമാനകരമായ തോൽവികളിൽ ഒന്നായി   അടയാളപ്പെട്ടു . 25,000 പേർ അടങ്ങുന്ന രണ്ട് ഇറാഖി സൈനിക ഡിവിഷനുകൾ,   1,500 പേർ മാത്രമുള്ള ഭീകരവാദികളോട്  പരാജയപ്പെട്ടു .2013-നും 2017-നും ഇടയിൽ ഐഎസിനെതിരായ യുദ്ധം ഇറാഖിന് 60,000-ത്തോളം സൈനികരെയാണ്  നഷ്ടമാക്കിയത് . ഏകദേശം 100 00 കോടി  ഡോളറിൻ്റെ നാശനഷ്ടവും .”  പതിറ്റാണ്ട് പിന്നിട്ടിട്ടും,   അധിനിവേശ  പാരമ്പര്യവും തീവ്രവാദ സംഘടനയെ പരാജയപ്പെടുത്താനുള്ള   സൈനിക പ്രചാരണവും ഇപ്പോഴും നിലനിൽക്കുന്നു,” സുലൈമാനി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീജിയണൽ ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസിലെ മുതിർന്ന ഗവേഷകൻ ശീവാൻ ഫാസിൽ പറയുന്നു.
.ദശലക്ഷത്തോളം ഇറാഖികൾ  മറു രാജ്യങ്ങളിൽ അഭയാർത്ഥികൾ . സിറിയയിൽ രണ്ടു ലക്ഷം പേര്‍ കൊല്ലപ്പെട്ടു. 39 ലക്ഷം അഭയാര്‍ഥികള്‍. 76 ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ ഇപ്പോഴും  മരണത്തോട് മല്ലടിക്കുന്നു. ലോക ചരിത്രത്തില്‍ ഒരു രാജ്യത്തിനും ഇത്തരമൊരു ദുര്‍വിധി ഉണ്ടായിട്ടില്ല.കുറച്ചു കാലത്തേക്കെങ്കിലും  രാജ്യാന്തര സമൂഹം നോക്കുകുത്തിയായി . ഇനി, തലമുറകളോളം ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് നോര്‍വീജിയന്‍ റെഫ്യൂജീ കൗണ്‍സില്‍ മേധാവി ജാന്‍ ഈഗെലാന്റ് ചൂണ്ടിക്കാട്ടി . 2011 മാര്‍ച്ചിലാണ് സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. അല്‍ ഖാഇദയായിരുന്നു അതിനു പിന്നില്‍. എന്നാല്‍, ഇത് തിരിച്ചറിയാന്‍ അമേരിക്കയും സഖ്യ കക്ഷികളും വൈകി. ബശാര്‍ അല്‍ അസദിനെതിരെ പോരാട്ടം കനക്കാന്‍ അല്‍ ഖാഇദയുടെ ജനകീയ സംഘടനയായ അല്‍ നുസ്‌റക്ക് ധാരാളം ആയുധങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനിടയില്‍ സമീപ രാജ്യമായ ഇറാഖില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദം ഉടലെടുത്തു.  ബശാര്‍ അല്‍ അസദിനെതരെയുള്ള പ്രക്ഷോഭത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റും കക്ഷിചേര്‍ന്നു. പിന്നീട്, മാനവികതക്കെതിരെ നായാട്ടായിരുന്നു. ബശാര്‍ അല്‍ അസദിനെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിച്ച അമേരിക്ക ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ തിരിഞ്ഞു. ഇറാഖിലും സിറിയയിലും പരക്കെ വ്യോമാക്രമണമായി. അപ്പോഴും കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരായിരുന്നു. ഒരു ഭാഗത്ത് അമേരിക്കയും ഇറാനും ഇറാഖും ചേര്‍ന്നുള്ള വ്യോമാക്രമണങ്ങള്‍. മറുഭാഗത്ത് ഇസ്‌ലാമിക് സ്റ്റേറ്റുകാരുടെ തലവെട്ടലുകള്‍. ഇതിനിടയില്‍ പാശ്ചാത്യ നാടുകളില്‍ നിന്ന് കുട്ടികളടക്കം നിരവധി പേര്‍ സിറിയയിലെത്തി ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.  ലണ്ടനില്‍ നിന്ന് കാണാതായ ഖദീസ സുല്‍ത്താന, അമീറ അബ്ബാസി, ശമീമ ബീഗം എന്നിവര്‍ സിറിയന്‍ അതിര്‍ത്തിയില്‍ എത്തി.  തുര്‍ക്കി വഴിയാണ് ഇവര്‍ സിറിയയില്‍ പ്രവേശിച്ചത് . കിഴക്കന്‍ ലണ്ടനിലെ ബെത്‌നാല്‍ ഗ്രീന്‍ അക്കാദമിയിലെ വിദ്യാര്‍ഥികളാണിവര്‍.മൊസൂളായിരുന്നു ലക്‌ഷ്യം . വിമാനത്തില്‍ ഇസ്താംബൂളിലെത്തിയ ഇവര്‍ ബസ്‌വഴി സിറിയന്‍ അതിര്‍ത്തി കടക്കുകയായിരുന്നു. ബ്രിട്ടനില്‍ നിന്ന്   20 ഓളം പെണ്‍കുട്ടികള്‍ ഇങ്ങനെ സിറിയയിലെത്തി .ഇന്ത്യയിൽ നിന്ന് നാമമാത്ര ആളുകളേ ഐ എസ് വലയിൽ വീണുള്ളു . അതേ സമയം, സിറിയയില്‍ ഇപ്പോഴും  കുട്ടികള്‍ തീരെ സുരക്ഷിതരല്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. യമന്‍ പ്രതിസന്ധിയാണ്‌ മറ്റൊരു ചോരച്ചാൽ  .1990ല്‍ ഇറാഖ് കുവൈത്ത് അധിനിവേശം നടത്തിയതിന് ശേഷം പ്രതിരോധ കാര്യത്തില്‍ സഊദി കുറേക്കൂടി ജാഗ്രത കാട്ടിത്തുടങ്ങി. ഇറാന്‍ ആണവ സമ്പുഷ്ടീകരണം ആരംഭിച്ചത്, സഊദിയില്‍ മറ്റൊരു അങ്കലാപ്പ് സൃഷ്ടിച്ചു. സൈനിക ശക്തിയായാല്‍ മാത്രമെ നില നില്‍പ് ഭദ്രമാക്കാന്‍ കഴിയൂ എന്ന് ഭരണകൂടത്തിന് ഒരിക്കല്‍കൂടി ബോധ്യമായി.
ഇതിനിടയിലാണ് അയല്‍ രാജ്യമായ യമനില്‍ ശിയാ വിഭാഗത്തിലെ ഹൂതികള്‍ കലാപം ആരംഭിച്ചത്. സുന്നീ രാജ്യമായ സഊദിക്ക് ഇത് രണ്ടു വിധത്തിലാണ് തലവേദനയായത്. സഊദിയിലേക്ക് ഹൂതികളുടെ നുഴഞ്ഞുകയറ്റം അതിലൊന്ന്. രണ്ടാമത്തേത്, കലാപം രൂക്ഷമായപ്പോള്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലഹ് അഭയം തേടിയത് സഊദിയില്‍. രക്ഷപ്പെടാനും രക്ഷിക്കാനും ആക്രമണമല്ലാതെ വേറെ വഴിയില്ല. സഊദിക്കും സഖ്യ കക്ഷികള്‍ക്കും സ്വന്തം വഴി നോക്കിയേ തീരൂ.സൽമാൻ രാജാവ് ആ നീക്കം തുടങ്ങി വെച്ചു . മേഖലയിലെ സ്‌ഫോടനാത്മക സ്ഥിതിവിശേഷം ഒഴിവാക്കപ്പെടണം. പാശ്ചാത്യരുടെ കനിവുകാത്തിട്ട് കാര്യമില്ല.തിരിഞ്ഞു നോക്കുമ്പോൾ മേഖലയിൽ ഭീകരവാദം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു .പകരം ,ഇസ്‌റാഈൽ ഭീകരപ്രവർത്തനം നടത്തുന്നു .ഫലസ്തീനിൽ ദിവസവും നൂറുകണക്കിനാളുകൾ കൊല്ലപ്പെടുന്നു .ഐ എസ് തകർന്ന പോലെ ,ഇസ്രാഈലിനും മറ്റൊന്നല്ല വിധി

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest