Connect with us

Kerala

പങ്കാളിത്ത പെൻഷന് പത്ത് വർഷം; പുനഃപരിശോധനാ വാഗ്ദാനം നടപ്പായില്ല

സർക്കാറിനെതിരെ സമരവുമായി വിവിധ സംഘടനകൾ

Published

|

Last Updated

കോഴിക്കോട്| സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി ആരംഭിച്ച് പത്ത് വർഷത്തിലെത്തിയിട്ടും പുനഃപരിശോധിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പിലായില്ല. പുനഃപരിശോധനാ സമിതിയെ വെച്ച് നീട്ടിക്കൊണ്ടുപോയതൊഴിച്ചാൽ കാര്യമായ നീക്കങ്ങളൊന്നും നടന്നില്ലെന്ന് മാത്രമല്ല പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു തീരുമാനവും ഉണ്ടായിട്ടുമില്ല.

സർക്കാർ ജീവനക്കാരെ ഏറെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതി 2013ൽ ഉമ്മൻ ചാണ്ടി സർക്കാറാണ് നടപ്പാക്കിയത്. 2013 ഏപ്രിൽ ഒന്ന് മുതൽ നിയമനം ലഭിക്കുന്ന സർക്കാർ ജീവനക്കാർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകം. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന വാഗ്ദാനം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയാണ് തുടർന്ന് ഇടതുസർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ ഇതിന് ശേഷം രണ്ടാം തവണയും അധികാരത്തിലിരുന്നിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ഇടതു സർക്കാർ കാര്യമായ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. മാത്രമല്ല ഇത് നിയമവിധേയമാക്കുകയും ചെയ്തു.

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന് മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വേണ്ടി റിട്ട. ജഡ്ജിയടങ്ങുന്ന സമിതിയെ നിയമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പലവട്ടം സമിതിയുടെ കാലാവധി നീട്ടി ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചതല്ലാതെ സമിതിയുടെ പ്രവർത്തനം കൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിച്ചില്ല. തന്നെയുമല്ല പുനഃപരിശോധനാ സമിതി റിപോർട്ട് ഇതുവരെ പുറം ലോകം കണ്ടിട്ടുമില്ല. പെൻഷൻ പദ്ധതിക്കെതിരെ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് ജോയന്റ് കൗൺസിൽ.

അതേസമയം പങ്കാളിത്ത പെൻഷന്റെ കാര്യത്തിൽ സർക്കാർ ഒരു തീരുമാനവുമെടുക്കാത്ത സാഹചര്യത്തിൽ ജീവനക്കാർ ആശങ്കയിലാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വളരെ തുച്ഛമായ തുക മാത്രമാണ് പെൻഷനായി ലഭിക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാത്ത സർക്കാറിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് വിവിധ സംഘടനകൾ.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest