Kerala
കോഴിക്കോട്ടെ മാനാഞ്ചിറ- വെള്ളിമാട് കുന്ന് റോഡ് നിര്‍മാണം ഈ മാസം ടെന്‍ഡര്‍ ചെയ്യും
എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഇപിസി) മാതൃകയില്‍ ടെന്‍ഡര്‍ ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കി.

കോഴിക്കോട് | വെള്ളിമാട് കുന്ന്- മാനാഞ്ചിറ റോഡിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഈ മാസം ടെന്‍ഡര്‍ ചെയ്യും. റോഡിന്റെ രൂപകല്‍പന മുതല്‍ നിര്‍മാണം വരെ എല്ലാ ഘടകങ്ങളും ഒരുമിക്കുന്ന എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഇപിസി) മാതൃകയില്‍ ടെന്‍ഡര്‍ ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കി.
ആകെ 481.94 കോടി രൂപയാണ് റോഡിനായി ചെലവാകുക. ഭൂമി ഏറ്റെടുക്കുന്നതിനായി 344.5 കോടി രൂപ വിവിധ ഘട്ടങ്ങളിലായി അനുവദിച്ചിരുന്നു. 137.44 കോടി രൂപയുടെ ഭരണാനുമതിയാണ് റോഡിന്റെ നിര്‍മാണത്തിനായി നല്‍കിയിട്ടുള്ളത്.
കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിനു കീഴില്‍ മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റര്‍ റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയായി നിര്‍മിക്കുന്നതിനാണ് കരാര്‍ നല്‍കുക. റോഡിനു നടുവില്‍ രണ്ടുമീറ്റര്‍ വീതിയില്‍ മീഡിയനും ഇരുവശങ്ങളിലും ഏഴു മീറ്റര്‍ വീതം വീതിയില്‍ രണ്ടുവരിപ്പാതയും നിര്‍മിക്കും. കാര്യേജ് വേയുടെ ഇരുവശത്തും ഒന്നര മീറ്റര്‍ വീതം പേവ്മെന്റും നിര്‍മിക്കും. രണ്ടു മീറ്റര്‍ വീതിയുള്ള നടപ്പാതയും ഇരുവശത്തും നിര്‍മിക്കും. ഈ സ്‌ട്രെച്ചില്‍ ഉടനീളം വഴിവിളക്കുകളും സ്ഥാപിക്കും. ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്‌നലുകളും ഉണ്ടാകും.
ഓരോ 250 മീറ്റര്‍ ഇടവിട്ടും റോഡിനടിയില്‍ കുറുകെ യൂട്ടിലിറ്റി ഡക്ടുകള്‍ നിര്‍മിക്കും. ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി റോഡിന്റെ ഇരുവശത്തുമുള്ള അര മീറ്റര്‍ വീതം സ്ഥലം ഉപയോഗിക്കും. അതുകൊണ്ടുതന്നെ ഭാവയില്‍ കേബിളുകളും പൈപ്പുകളും മറ്റും സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിക്കേണ്ടിവരില്ല. സിവില്‍ സ്റ്റേഷനു മുന്നില്‍ കാല്‍നടക്കാര്‍ക്കായി മേല്‍പ്പാലവും പണിയും. റോഡു പണിയുന്ന കരാര്‍ കമ്പനിക്ക് 15 വര്‍ഷത്തേക്ക് പരിപാലന ചുമതലകൂടി നല്‍കും.
ദേശീയപാത 66 മുറിച്ചു കടന്നുപോകുന്ന രീതിയിലായിരുന്നു മാനാഞ്ചിറ- വെള്ളിമാട് കുന്ന് റോഡിന്റെ പുനരുദ്ധാരണത്തിന് ആദ്യനിര്‍ദ്ദേശമുണ്ടായത്. എന്നാല്‍ മുത്തങ്ങയിലേക്കുള്ള ദേശീയ പാത 766 ന്റെ നിര്‍മാണം മലാപ്പറമ്പില്‍നിന്ന് ദേശീയപാത വിഭാഗം ചെയ്യുന്നതിനാല്‍ മലാപ്പറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരം ഈ റോഡു വികസന പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയാണ് പുതിയ ഡി പി ആര്‍ തയ്യാറാക്കിയിട്ടുള്ളത്.
കോഴിക്കോട് നിവാസികളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിനാണ് റോഡ് നവീകരണത്തിലൂടെ വിരാമമാകുകയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന റോഡാണിത്. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. പണിയാരംഭിച്ചാല്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തായാക്കുകയാണ് ലക്ഷ്യം.
നഗരപ്രദേശത്തുകൂടി കടന്നുപോകുന്ന റോഡായതിനാല്‍ ജനങ്ങളുടെയും വ്യാപാരികളുടേയുമെല്ലാം സഹകരണത്തോടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനായിരിക്കും ശ്രമമെന്ന് മന്ത്രി പറഞ്ഞു.