Connect with us

Ongoing News

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ

20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ ആദ്യ പുരുഷ താരമാണ് റോജർ ഫെഡറർ

Published

|

Last Updated

ബേൺ | ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു. 2022 ലെ ലേവർ കപ്പിന് ശേഷം കായികരംഗത്ത് നിന്ന് വിരമിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.  4 മിനിറ്റും 24 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.  20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ ആദ്യ പുരുഷ താരമാണ് റോജർ ഫെഡറർ.

‘നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, കഴിഞ്ഞ മൂന്ന് വർഷം എനിക്ക് പരിക്കുകളുടെയും ശസ്ത്രക്രിയകളുടെയും രൂപത്തിൽ വെല്ലുവിളികൾ നേരിട്ടു. പൂർണ്ണമായ മത്സര ഫോമിലേക്ക് മടങ്ങാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. എന്നാൽ എന്റെ ശരീരത്തിന്റെ കഴിവുകളും പരിമിതികളും എനിക്കറിയാം, ഈയിടെയായി അത് എനിക്ക് നൽകിയ സന്ദേശം വ്യക്തമാണ്. എനിക്ക് 41 വയസ്സായി. 24 വർഷത്തിനിടെ 1500-ലധികം മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. ഞാൻ സ്വപ്നം കണ്ടതിലും കൂടുതൽ ഉദാരമായി ടെന്നീസ് എന്നോട് പെരുമാറി, ഇപ്പോൾ എന്റെ മത്സര ജീവിതം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഞാൻ തിരിച്ചറിയണം.

കഴിഞ്ഞ 24 വർഷം എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായിരുന്നു. ചിലപ്പോൾ തോന്നും ഈ 24 വർഷങ്ങൾ വെറും 24 മണിക്കൂറിനുള്ളിൽ സംഭവിച്ചതാണെന്ന്. ജീവിതകാലം മുഴുവൻ ജീവിച്ചത് പോലെയുള്ള ഒരു അനുഭവം. നിങ്ങളെപ്പോലുള്ള പ്രേക്ഷകരുടെ മുമ്പിലും 40 വ്യത്യസ്ത രാജ്യങ്ങളിലും കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഇതിനിടയിൽ ഞാൻ ചിരിക്കുകയും കരയുകയും ചെയ്തു, സന്തോഷവും വേദനയും അനുഭവിച്ചിട്ടുണ്ട്’ – വിരമിക്കൽ പ്രഖ്യാപിച്ചുള്ള കുറിപ്പിൽ റോജർ ഫെഡറർ എഴുതി.

2003ൽ വിംബിൾഡൺ കിരീടം നേടിയതോടെയാണ് ഫെഡറർ തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയത്. അതിനുശേഷം അദ്ദേഹം ആറ് ഓസ്‌ട്രേലിയൻ ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ, എട്ട് വിംബിൾഡൺ, അഞ്ച് യുഎസ് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുണ്ട്.

റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് ശേഷം ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണത്തിൽ ഫെഡറർ മൂന്നാം സ്ഥാനത്താണ്. എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ്‌ ഫെഡറർ.

Latest