National
മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവ്; സുരക്ഷ ശക്തമാക്കി
സമാധാനാന്തരീക്ഷം പൂര്‍ണമായി പുനഃസ്ഥാപിക്കുന്നത് വരെ മണിപ്പൂരിലേക്കുള്ള എല്ലാ സര്‍വീസുകളും റെയില്‍വേ നിര്‍ത്തിവെച്ചു.
ഇംഫാല്‍ | മണിപ്പൂരില്‍ സംവരണ വിഷയത്തില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന് അയവ്. നിലവില്‍ സമാധാനാന്തരീക്ഷമുണ്ടെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ പത്ത് കമ്പനി അര്‍ധ സൈനിക വിഭാഗത്തെ കൂടി വിന്യസിച്ചു. സമീപ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സംഘര്‍ഷ ബാധിത മേഖലകളില്‍ എത്തിച്ചു.
സൈന്യത്തിലെയും അസം റൈഫിള്‍സിലെയും 10,000 ജവാന്മാരാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സ് വഴി സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സി ആര്‍ പി എഫിലെ ഡി ഐ ജി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥര്‍, ഏഴ് എസ് പിമാര്‍ എന്നിവര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കുന്നതിന് ചുമതല നല്‍കി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സമാധാനാന്തരീക്ഷം പൂര്‍ണമായി പുനഃസ്ഥാപിക്കുന്നത് വരെ മണിപ്പൂരിലേക്കുള്ള എല്ലാ സര്‍വീസുകളും റെയില്‍വേ നിര്‍ത്തിവെച്ചു. അതിര്‍ത്തി ജില്ലകളില്‍ മിസോറാം സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
അക്രമ സംഭവത്തിനിടെ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 10,000ത്തിലധികം പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ആള്‍ക്കൂട്ടം ആക്രമിച്ച ബി ജെ പി. എം എല്‍ എയുടെ നില ഗുരുതരമാണ്.
ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂനിയന്‍ നടത്തിയ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ആദിവാസിയേതര മെയ്തി വിഭാഗക്കാര്‍ പട്ടികവര്‍ഗ പദവി ആവശ്യപ്പെടുന്നതില്‍ പ്രതിഷേധിച്ച് നാഗാ, കുകി ഗോത്ര വിഭാഗക്കാരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.