International
ഇറാനുമായി കൊമ്പുകോര്‍ക്കാന്‍ അമേരിക്ക; ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ആണവ ബോംബറുകള്‍
ഇസ്‌റാഈലും അമേരിക്കയും ഇറാനിയന്‍ സൈനിക ആസ്ഥാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ആശങ്ക

വാഷിംഗ്ടണ്‍ | ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍സിയ ദ്വീപിലെ ക്യാമ്പ് തണ്ടര്‍ ബേയില്‍ ആണവ ശേഷിയുള്ള ആറ് ബി-2 ബോംബര്‍ വിമാനങ്ങള്‍ അമേരിക്ക വിന്യസിച്ചു. പ്ലാനറ്റ് ലാബ്സ് ഏജന്‍സി വിശകലനം ചെയ്ത ഉപഗ്രഹ ഫോട്ടോകളിലാണ് കഴിഞ്ഞ ആഴ്ച മുതല്‍ ഡീഗോ ഗാര്‍സിയയില്‍ ബി-2 ബോംബറുകളുടെ സാന്നിധ്യം കണ്ടത്. ഇന്ത്യൻ മഹാസമുദ്രത്തിനു പുറമെ പേർഷ്യൻ ഗർഫിലും യു എസ് സാന്നിധ്യം കടുപ്പിക്കുന്നതായാണ് വിവരം.
ഇറാനിന്റെ ആണവ പദ്ധതിക്കെതിരെ അമേരിക്ക രംഗത്തുവന്നിരുന്നു. ആണവ വിഷയത്തില്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇക്ക് രണ്ട് മാസത്തെ അന്ത്യശാസനം നല്‍കിയിരുന്നു. ഇസ്‌റാഈലും അമേരിക്കയും ഇറാനിയന്‍ സൈനിക ആസ്ഥാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ആശങ്കയേറ്റുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
ഇറാനിൻ്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങളിൽ അടക്കം ബോംബിടാൻ ശേഷിയുള്ള ബി-2 നിർണായകമാണെന്ന് കണക്കാക്കപ്പെടുന്നു. ഓരോ ബി-2നും രണ്ട് പൈലറ്റുമാർ വേണം. ഇന്ധനം നിറക്കാതെ 6,000 നോട്ടിക്കൽ മൈൽ (11,100 കിലോമീറ്റർ) പറക്കാനും 50,000 അടി ഉയരത്തിലെത്താനും കഴിയും. 12,300 കിലോഗ്രാം ഭാരമുള്ള ‘മാസിവ് ഓർഡനൻസ് പെനട്രേറ്റർ’ ബി-2ന് വഹിക്കാൻ കഴിയും. ഒരു വിമാനത്തിന് ഏകദേശം 2010കോടി ഡോളർ ചെലവ് വരും.
ജൂത രാഷ്ട്രം ഇറാനെ ആക്രമിക്കുമെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ മുമ്പ് റിപോര്‍ട്ട് ചെയ്തിരുന്നു. യമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് യു എസ് വ്യോമാക്രമണം തുടരുന്നതിനിടെയാണ് ബോംബര്‍ വിമാനങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയത്. ഹൂതികളെ ലക്ഷ്യം വെക്കാന്‍ ബി2 മുമ്പ് ഉപയോഗിച്ചിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപോര്‍ട്ട് ചെയ്തു. മാര്‍ച്ച് 15 മുതല്‍ ഹൂതികള്‍ക്കെതിരെ യു എസ് നൂറിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു.