Ongoing News
പട്ടയാവകാശം; തിരുവോണ നാളില്‍ ഇത്തവണയും കലക്ടറേറ്റിനു മുമ്പില്‍ പട്ടിണി സമരം നടത്തി പൊന്തന്‍പുഴ സമര സമിതി
പട്ടയാവകാശ, വനസംരക്ഷണ ആവശ്യങ്ങളുന്നയിച്ച് ആറു വര്‍ഷത്തിലേറെയായി ഈ രീതിയില്‍ സമരം നടത്തിക്കൊണ്ടിരിക്കുകയാണ് സമിതി.
പൊന്തന്‍പുഴ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവോണ നാളില്‍ പത്തനംതിട്ട കലക്ടറേറ്റിനു മുമ്പില്‍ നടത്തിയ പട്ടിണി സമരം.
പത്തനംതിട്ട | പട്ടയാവകാശ, വനസംരക്ഷണ സമരത്തിന്റെ ഭാഗമായി തിരുവോണനാളില്‍ പത്തനംതിട്ട കലക്ടറേറ്റിനു മുന്നില്‍ ഇത്തവണയും പട്ടിണി സമരം നടത്തി പൊന്തന്‍പുഴ സമര സമിതി. ആവശ്യങ്ങളുന്നയിച്ച് ആറു വര്‍ഷത്തിലേറെയായി ഈ രീതിയില്‍ സമരം നടത്തിക്കൊണ്ടിരിക്കുകയാണ് സമിതി.
തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ പെടുത്താനാണ് മലയാളികള്‍ ആഹ്ലാദത്തോടെ ഭവനങ്ങളില്‍ ഓണമുണ്ണുമ്പോള്‍ തെരുവില്‍ പട്ടിണി ഇരുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. തൂശനിലയില്‍ പൂഴിമണ്ണിനൊപ്പം അവഗണന, വഞ്ചന, അനീതി എന്നീ വാക്കുകള്‍ എഴുതിയ കുറിപ്പുകള്‍ വിളമ്പിയായിരുന്നു പ്രതിഷേധം.
സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘമാണ് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്. ഡിജിറ്റല്‍ റീ സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കണം, പഴയ റീ സര്‍വേ രേഖകളില്‍ കാണുന്ന റിസര്‍വ് ഫോറസ്റ്റ് എന്ന തെറ്റായ കുറിപ്പ് നീക്കം ചെയ്ത് കൈവശ കര്‍ഷകരുടെ പേരുകള്‍ ചേര്‍ത്തുകിട്ടണം എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ പ്രധാനമായും ഉന്നയിച്ചത്.
വലിയകാവ് റിസര്‍വ് വനത്തോടു ചേര്‍ന്ന പെരുമ്പെട്ടി, പൊന്തന്‍പുഴ നിവാസികളുടെ ദീര്‍ഘകാലമായുള്ള പട്ടയ പ്രശ്‌നത്തിനു പരിഹാരം തേടിയാണ് ഇത്തവണയും ഓണനാളില്‍ പട്ടിണി സമരം സംഘടിപ്പിച്ചത്. പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും സമര സമിതി ആവശ്യപ്പെട്ടു. പഴയ രേഖകള്‍ അതേപടി പകര്‍ത്താനാണെങ്കില്‍ പുതിയൊരു ഡിജിറ്റല്‍ സര്‍വേയുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നും സമിതി ചൂണ്ടിക്കാട്ടി.
വനത്തിന്റെ അളവ് പൂര്‍ത്തിയാക്കുകയും വിജ്ഞാപനം അനുസരിച്ചുള്ള വനം പൂര്‍ണമായും നിലവിലെ ജണ്ടയ്ക്കുള്ളില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കര്‍ഷകരുടെ ഭൂമി ജണ്ടയ്ക്കു വെളിയിലാണ്. അതിനു 1964 ലെ ഭൂമി പതിവ് ചട്ടം അനുസരിച്ച് പട്ടയം നല്‍കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും വനഭൂമി ആര്‍ എഫ് എന്ന റിമാര്‍ക്‌സ് ചേര്‍ത്ത് സംരക്ഷിക്കപ്പെടണമെന്നും സമിതി ആവശ്യപ്പെട്ടു.
സിവില്‍ സൊസൈറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ പ്രദീപ് കുളങ്ങര പട്ടിണി സമരം ഉദ്ഘാടനം ചെയ്തു. ജെയിംസ് കണ്ണിമല അധ്യക്ഷത വഹിച്ചു. എന്‍ സി പി സംസ്ഥാന ഭാരവാഹി മാത്യൂസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. എസ് രാജീവന്‍, ബിനു ബേബി, എസ് രാധാമണി, സുരേഷ് ചെങ്ങറ, ജോസ് ആലപ്ര, സന്തോഷ് പെരുമ്പെട്ടി പ്രസംഗിച്ചു.