Connect with us

cover story

തീരാ നോവ്...

ചുറ്റും മലനിരകള്‍...താഴ്‌വാരത്തിലൊരു ഗ്രാമം... അവിടെ നിറയെ വീടുകള്‍, സ്‌കൂള്‍, മരങ്ങള്‍... ആ നാട്ടിലെ പുല്‍ക്കൊടിയെ പോലും അറിഞ്ഞിരുന്ന സ്‌നേഹിക്കാന്‍ മാത്രമറിയാമായിരുന്ന മനുഷ്യര്‍... ഇതൊന്നും ഇന്നില്ല. ഇവിടമിന്ന് കേരളം സാക്ഷിയായ ഏറ്റവും വലിയ ദുരന്തഭൂമി. പാതിരാവില്‍ ഉറങ്ങിക്കിടന്നിരുന്ന സാധുമനുഷ്യരുടെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മീതെ ഒഴുകിയെത്തിയ ഉരുള്‍ജലം. എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പ് വായിലും മൂക്കിലുമെല്ലാം ചെളി നിറച്ച് ഗതിമാറിയെത്തിയ പുഴ അവരെയും വഹിച്ച് ചാലിയാറിലേക്ക് ഒഴുകി...

Published

|

Last Updated

വിടുത്തെ കാറ്റിന് പോലും കണ്ണീരുപ്പ് കലര്‍ന്നിരിക്കുന്നു… ജീവന്‍ മാത്രം കൈയില്‍പ്പിടിച്ച് മരണവാതില്‍ക്കല്‍ നിന്നും ഓടി രക്ഷപ്പെട്ടവര്‍ക്കിനി എന്തുണ്ട് എന്ന് ചോദിച്ചാല്‍ ജീവനുള്ളിടത്തോളം കാലം അലട്ടുന്ന മരണഭയം മാത്രം…

ചുറ്റും മലനിരകള്‍…താഴ്‌വാരത്തിലൊരു ഗ്രാമം… അവിടെ നിറയെ വീടുകള്‍, സ്‌കൂള്‍, മരങ്ങള്‍, ആ നാട്ടിലെ പുല്‍ക്കൊടിയെ പോലും അറിഞ്ഞിരുന്ന, സ്‌നേഹിക്കാന്‍ മാത്രമറിയാമായിരുന്ന മനുഷ്യര്‍… ഇതൊന്നും ഇന്നില്ല. ഇവിടമിന്ന് കേരളം സാക്ഷിയായ ഏറ്റവും വലിയ ദുരന്തഭൂമി. പാതിരാവില്‍ ഉറങ്ങിക്കിടന്നിരുന്ന സാധുമനുഷ്യരുടെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മീതെ ഒഴുകിയെത്തിയ ഉരുള്‍ജലം. എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പ് വായിലും മൂക്കിലുമെല്ലാം ചെളി നിറച്ച് ഗതിമാറിയെത്തിയ പുഴ അവരെയും വഹിച്ച് ചാലിയാറിലേക്ക് ഒഴുകി. ഓടി രക്ഷപ്പെട്ടവര്‍ക്ക് പിന്നിലായി നിലവിളികളുടെ അലയൊലിയായിരുന്നു. തിരിഞ്ഞു നോക്കിയവര്‍ കണ്ടത് ഒഴുകിയകലുന്ന മനുഷ്യശരീരങ്ങൾ…

എങ്ങും ചെളിയും കൂറ്റന്‍ പാറക്കല്ലുകളും അടിഞ്ഞുകൂടിയ മരങ്ങളും. ജലപ്രവാഹത്തില്‍ മുണ്ടക്കൈയും ചൂരല്‍മലയും ശ്മശാന ഭൂമിയായി മാറി. 2018ലെ പ്രളയ ശേഷം കേരളം കണ്ട ഭീതിജനകമായ ദുരന്തമായി ചൂരല്‍മല ഉരുള്‍പൊട്ടല്‍. മുണ്ടക്കൈയും ചൂരല്‍മലയും നാമാവശേഷമായി.

തലേന്ന് വരെ മനോഹരമായ ചിത്രം കണക്കെ ഒരു ഗ്രാമത്തിന് പിന്നില്‍ ദൃശ്യഭംഗി ഒരുക്കി നിന്ന മല… ഒറ്റ നിമിഷം കൊണ്ട് രണ്ട് ഗ്രാമത്തെ തുടച്ചുനീക്കുമെന്ന് അവര്‍ ഓര്‍ത്തിരിക്കില്ല. ചില തുരുത്തുകള്‍ മാത്രം അവശേഷിപ്പിച്ച് രാത്രിയുടെ നിശബ്ദതയില്‍ ഒന്നരക്ക് ശേഷം പുഞ്ചിരിമട്ടത്ത് നിന്നും മല പൊട്ടിയൊഴുകി ഒരു നാടിനെയൊന്നാകെ കശക്കിയെറിഞ്ഞു. നിര്‍ത്താതെ പെയ്ത മഴയില്‍ വഴിമാറി വന്ന പുഴ നിരവധി കുടുംബങ്ങളുടെ സ്വപ്‌നങ്ങളെല്ലാം ഒഴുക്കിക്കൊണ്ടുപോയി. സമാനതകളില്ലാത്ത ജീവഹാനിയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കിടപ്പാടവും കൂടെപ്പിറപ്പുകളും സമ്പാദ്യവുമെല്ലാം മണ്ണിലില്ലാതായ നിരാലംബരായ മനുഷ്യരുടെ വിങ്ങലുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിറയുന്നത്.

ഒന്നിരുട്ടി പുലരും മുമ്പ് ഒരു നാട് അപ്രത്യക്ഷമാകുന്നു. ഒപ്പമുറങ്ങിയിരുന്നവരെ പ്രകൃതിക്കലിയില്‍ നഷ്ടപ്പെട്ടു. കൂടെ ചിരിച്ചും കളിച്ചും നടന്നവര്‍, ഒരുമിച്ച് പഠിച്ചിരുന്നവര്‍, ജോലി ചെയ്തിരുന്നവര്‍ എവിടെയെന്നറിയില്ല. മക്കളെ, മാതാപിതാക്കളെ, സഹോദരങ്ങളെ, കൂടെപ്പിറക്കാതെ തന്നെ കൂടെപ്പിറപ്പുകളായിരുന്നവരെ, അയല്‍വാസികളെ … അങ്ങനെ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ കാത്ത് നെഞ്ച് നീറുന്ന വേദനയില്‍ ആയിരങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തന്റെ ബന്ധുക്കളുണ്ടോയെന്ന് അന്വേഷിച്ച് എത്തുന്ന ഉറ്റവരുടെ കാഴ്ച ഏറെ നൊമ്പരപ്പെടുത്തുന്നതാണ്.

സ്വന്തം കുഞ്ഞിന്റെ, മാതാവിന്റെ, അച്ഛനമ്മമാരുടെ മുഖം തിരിച്ചറിഞ്ഞ ചിലര്‍ വാവിട്ട് കരഞ്ഞ് തളര്‍ന്നുവീണു. തിരിച്ചറിയാനാകാത്ത നിലയിൽ വികൃതമായ മുഖങ്ങള്‍ കണ്ട് ചിലര്‍ ബോധരഹിതരായി. ആശുപത്രി പരിസരത്തെ കൂട്ടനിലവിളികള്‍ കണ്ണീര്‍ച്ചാലുകളായി വയനാടിന്റെ ഹൃദയത്തില്‍ നിന്നുമൊഴുകുന്നുണ്ട്.

ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതായിട്ടുണ്ട്. ഉറങ്ങിക്കിടന്ന കുരുന്നുകളെ ഉരുളെടുത്തിരിക്കാം. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലും വീണ് പോയവരുണ്ടാകാം. നാളെ സ്‌കൂളില്‍ പോകുന്നതോ കൂട്ടുകാരോടൊത്ത് കളിക്കുന്നതോ അച്ഛനമ്മമാര്‍ വാങ്ങി തന്ന പുതിയ കുപ്പായവും കളിപ്പാട്ടവും സ്വപ്‌നം കണ്ട് കിടന്നവരോ ആയ കുട്ടികളായിരുന്നിരിക്കാം അവര്‍. പറക്കമുറ്റാത്ത ഈ കുഞ്ഞുങ്ങളുടെ കിനാക്കളെ മലവെള്ളപ്പാച്ചിൽ കവർന്നു.

മുണ്ടക്കൈ, പുത്തുമല, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെള്ളരിമല വില്ലേജ് പരിധിയില്‍ ഇത് മൂന്നാമത്തെ വലിയ ഉരുള്‍പൊട്ടലാണ്. 1984ലെ ആദ്യ ഉരുള്‍പൊട്ടലില്‍ 14 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2019 ആഗസ്റ്റ് എട്ടിനുണ്ടായ രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ 17 പേരും മരണത്തിന് കീഴടങ്ങി. ഇവരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. 14 പേരുടെ മരണത്തിനിടയാക്കിയ 1984ലെ മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ നടുക്കം ഇന്നും വിട്ടുപോയിട്ടില്ല.

അണമുറിയാത്ത രക്ഷാപ്രവര്‍ത്തനം ദുരന്തമേഖലയില്‍ നടക്കുമ്പോള്‍ ഓരോ നിമിഷവും മരണസംഖ്യ ഉയരുന്ന അതിഭീകര അന്തരീക്ഷം. നിരവധി പേര്‍ ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തന നടപടികള്‍ ഊര്‍ജിതമാണ്. 40 ടീമുകള്‍ ആറ് സോണുകളായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജി വി എച്ച്് എസ് എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. പട്ടാളം, എൻ ഡി ആർ എഫ്, ഡി എസ് ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എം ഇ ജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഓരോ ടീമിലും നാട്ടുകാരായ മൂന്ന് പേരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ട്.

ഒരായുഷ്കാലം മുഴുവന്‍ ഉണ്ടാക്കിയതെല്ലാം നിമിഷങ്ങള്‍ക്കകം മണ്ണില്‍ പുതഞ്ഞതിന്റെ അവശേഷിപ്പുകള്‍, കുഞ്ഞുടുപ്പുകള്‍, പാഠപുസ്തകങ്ങള്‍, ചെരുപ്പുകള്‍, വാഹനങ്ങള്‍, വീട്…അങ്ങനെ ഉള്ളുലയ്ക്കുന്ന ഉരുള്‍പൊട്ടല്‍ ദുരന്ത ഭൂമിയിലെ കാഴ്ചകള്‍ക്കപ്പുറം ആരെയോ തേടി കഴുത്തില്‍ ബെല്‍റ്റുകളണിഞ്ഞ് കുറേ ജീവനുകള്‍ പാഞ്ഞ് നടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്തെല്ലാം ആരെയൊക്കെയോ തിരഞ്ഞ് നായകള്‍ അലയുന്നു. പൂച്ചയും പട്ടിയും പശുവുമെല്ലാം ആ ശ്മശാന ഭൂമിയുടെ അവശേഷിപ്പുകളായങ്ങനെ അലയുന്നുണ്ട്.

ഉണങ്ങാത്ത മുറിവുമായി ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നവരെയാണ് ചൂരൽമലയിൽ കാണാനാവുക. ആർമി, പോലീസ്, ഫയർഫോഴ്സ്, എൻ ഡി ആർ എഫ് എന്നിവർക്ക് പുറമേയുള്ള വിവിധ സന്നദ്ധ പ്രവർത്തകരുടെ നിസ്വാർഥ സേവനം വിലമതിക്കാനാവാത്തതാണ്. ചൂരൽമലയിലും മുണ്ടക്കൈയിലും സേവന സന്നദ്ധ പ്രവർത്തകരായ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ സജീവമായുണ്ട്. മലയൊഴുകിയെത്തിയ മഹാദുരന്തത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ എസ് വൈ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂരൽമല മദ്റസ കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിരുന്നു.

രക്ഷാപ്രവർത്തനങ്ങളിലും തിരച്ചിലിലും സാന്ത്വനം വളണ്ടിയർമാർ കർമനിരതരായുണ്ട്. വ്യത്യസ്ത സന്നദ്ധ പ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിച്ച വിവിധ യൂനിറ്റുകളിൽ നിന്നുള്ള സാന്ത്വനം പ്രവർത്തകരെ ടീമുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റു സന്നദ്ധ സംഘടനകളുടെ സേവനവും പ്രശംസനീയമാണ്. പുത്തുമലയെന്ന കണ്ണീരോർമയിൽ നിന്ന് അഞ്ചാണ്ടിന്റെ ദൂരം മാത്രമാണ് ചുരൽമലയിലേക്കും. അവിടെ രൗദ്രഭാവത്തിൽ പുഴ ഇപ്പോഴും ഒഴുകുകയാണ്. മുറിവേറ്റ വയനാടിനായി കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെയും അതിജീവിക്കുമെന്നുപ്പാണ്.

Latest