National
കശ്മീരിലെ ഭീകരാക്രമണം; 50 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
അര്‍നാസ്, മഹോര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നതായും .1995 നും 2005 ഇടയില്‍ തീവ്രവാദികളുടെ കേന്ദ്രങ്ങളായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കി
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 50 പേര്‍ കസ്റ്റഡിയില്‍. പോലീസും സുരക്ഷാസേനയും നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് 50 പേര്‍ പിടിയിലായത്. സുപ്രധാനമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അര്‍നാസ്, മഹോര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നതായി പോലീസ് അറിയിച്ചു. 1995 നും 2005 ഇടയില്‍ തീവ്രവാദികളുടെ കേന്ദ്രങ്ങളായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കി.
ഡല്‍ഹി , ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസിനു നേരെ ഞായറാഴ്ചയാണ് ഭീകരാക്രമണം ഉണ്ടായത്. ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരു കുട്ടിയടക്കം ഒമ്പത് പേര്‍ മരിക്കുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
റിയാസിക്ക് പുറമെ കത്വ ജില്ലയിലും ദോഡ ജില്ലയിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടന്നതായും അക്രമികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്രമികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.