Connect with us

National

ജമ്മുകാശ്മീരിലെ ദോഡയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം; ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ഭീകരരുടെ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ക്കും പരുക്കേറ്റതായാണ് വിവരം.

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകാശ്മീരിലെ ദോഡയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഭീകരരുടെ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ക്കും പരുക്കേറ്റതായാണ് വിവരം. സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് കാശ്മീര്‍ പോലീസ് അറിയിച്ചു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.

മൂന്ന് ദിവസത്തിനിടെ മൂന്നാം തവണയാണ് കാശ്മീരില്‍ ഭീകരാക്രമണം നടക്കുന്നത്. ദോഡയിലെ ഛത്തര്‍ഗാലയിലുള്ള സൈനിക ബേസിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആനന്ദ് ജെയിന്‍ പറഞ്ഞു.

അതിനിടെ സൈനിക പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള കാശ്മീര്‍ ടൈഗേഴ്സ് ഏറ്റെടുത്തു.

നേരത്തെ കത്വയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 

 

 

---- facebook comment plugin here -----

Latest