National
ജമ്മു കാശ്മീരിലെ ദോഡയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു
ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ശ്രീനഗര്‍| ജമ്മുകാശ്മീരിലെ ദോഡയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് കാശ്മീര്‍ പോലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
മൂന്ന് ദിവസത്തിനിടെ മൂന്നാം തവണയാണ് കാശ്മീരില്‍ ഭീകരാക്രമണം നടക്കുന്നത്. ദോഡയിലെ ഛത്തര്‍ഗാലയിലുള്ള സൈനിക ബേസിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആനന്ദ് ജെയിന്‍ പറഞ്ഞു.
നേരത്തെ കത്വയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.