International
ഭീകരാക്രമണം: ഇന്ത്യ തെളിവ് കൈമാറണമെന്ന് പാകിസ്ഥാന്‍
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിയില്‍ അനുമതി നിഷേധിച്ചേക്കും

ഇസ്ലാമാബാദ് | കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങള്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സുരക്ഷാ സമിതി യോഗത്തിലാണ് തെളിവ് തേടിയത്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനിനെതിരെ കൈക്കൊണ്ട കടുത്ത നടപടികള്‍ പരിശോധിക്കുന്നതിനും ഇന്ത്യക്കെതിരായ പ്രതിരോധ നീക്കങ്ങള്‍ ആലോചിക്കുന്നതിനുമാണ് പാകിസ്ഥാന്‍ അടിയന്തരമായി സുരക്ഷാ സമിതി യോഗം വിളിച്ചുചേര്‍ത്തത്.
മന്ത്രിമാര്‍ക്ക് പുറമെ പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് അഞ്ച് മണി വരെ യോഗം തുടര്‍ന്നേക്കും. ഇന്ത്യയിലേക്കുള്ള പാകിസ്ഥാനിലെ വ്യോമപാത അടക്കുന്നത് സംബന്ധിച്ച് യോഗം തീരുമാനമെടുത്തേക്കുമെന്ന് ചില പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിയില്‍ അനുമതി നിഷേധിച്ചേക്കുമെന്നാണ് വിവരം. ഷിംല കരാറിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്നും സൂചനയുണ്ട്.