National
ഭീകരാക്രമണം; ഇന്ത്യക്ക് എല്ലാ സഹായവും നല്‍കുമെന്ന് യു എസ്
ആക്രമണത്തെ ശക്തമായി അപലപിച്ച് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്.

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് എല്ലാ സഹായവും നല്‍കുമെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. വിഷയത്തില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം സംസാരിച്ചു.
ആക്രമണത്തെ വാന്‍സ് ശക്തമായി അപലപിച്ചു. മനുഷ്യ ജീവനുകള്‍ നഷ്ടമായതില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം അത്യന്തം പ്രയാസകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ ജനങ്ങളോടൊപ്പമുണ്ടെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാ സഹായവും ചെയ്യാന്‍ യു എസ് തയ്യാറാണെന്ന് വൈസ് പ്രസിഡന്റ് അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍ ‘എക്‌സി’ല്‍ കുറിച്ചു. ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചുകൊണ്ടുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെയും സന്ദേശങ്ങള്‍ക്ക് പ്രധാന മന്ത്രി മോദി നന്ദി അറിയിച്ചു.