National
അമിത് ഷായുടെ സന്ദര്‍ശനത്തിനിടയില്‍ കശ്മീരില്‍ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും, രണ്ട് പോലീസുകാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.
ന്യൂഡല്‍ഹി| കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടയില്‍ കശ്മീരില്‍ ഭീകരാക്രമണം. ഷോപ്പിയാനില്‍ ഒരു തദ്ദേശീയന്‍ കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും, രണ്ട് പോലീസുകാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുകയാണ്. രണ്ടാം ദിവസത്തെ സന്ദര്‍ശനത്തില്‍ പുല്‍വാമ ഭീകരാക്രമണം നടന്ന ലാത് പോരയില്‍ അമിത് ഷാ സന്ദര്‍ശനം നടത്തുമെന്നാണ് വിവരം. തീവ്രവാദ നീക്കത്തിനെതിരെ ശക്തമായ തിരിച്ചടി നടത്തുമെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ സൈനിക വിന്യാസം കൂട്ടാനും നിര്‍ദ്ദേശിച്ചിരുന്നു. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ കണ്ടു.
അതേസമയം, ജമ്മു കശ്മീരില്‍ ഭീകരാക്രമണം തുടരുന്ന സാഹചര്യത്തില്‍ കശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്ഥാന്‍ നിഴല്‍ യുദ്ധമാണ് നടത്തുന്നത്. കശ്മീരില്‍ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നതെന്നും ക്ഷമ പരീക്ഷിക്കരുതെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആത്മധൈര്യം നല്‍കാനാണ് അമിത് ഷാ കശ്മീരിലെത്തിയതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.