International
നൈജറില്‍ മസ്ജിദ് വളഞ്ഞ് ഭീകരർ; ആക്രമണത്തിൽ 44 മരണം
പിന്നില്‍ ഐ എസ് ഐ എസ്, അല്‍ ഖ്വൈദ ബന്ധമുള്ള തീവ്രവാദ സംഘടനകളെന്ന് സൂചന

നൈജര്‍ | രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു. കൊക്കോറോയിലെ ഗ്രാമീണ അതിര്‍ത്തി പട്ടണത്തിലെ ഫാംബിറ്റ ക്വാര്‍ട്ടറിലാണ് ഇന്നലെ സായുധാക്രമണം നടന്നത്.
റമസാനിലെ ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് നൈജര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രൂരതയോടെ കൂട്ടക്കൊല നടത്താന്‍ കനത്ത ആയുധധാരികളായ ഭീകരര്‍ പള്ളി വളഞ്ഞെന്നും അക്രമികള്‍ ഒരു പ്രാദേശിക മാര്‍ക്കറ്റിനും വീടുകള്‍ക്കും തീയിട്ടുവെന്നും മന്ത്രാലയം വിശദീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് നൈജറില്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
2012ലെ കലാപത്തിന് ശേഷം വടക്കന്‍ മാലിയിലെ പ്രദേശങ്ങള്‍ പിടിച്ചെടുത്ത അല്‍ ഖ്വൈദ, ഐ എസ് ഐ എസ് സായുധ ഗ്രൂപ്പുകളുമായി ബന്ധമുള്ള സായുധധാരികളുടെ സാന്നിധ്യമുള്ള പശ്ചിമാഫ്രിക്കയിലെ സഹേല്‍ മേഖലയില്‍ സമീപ വര്‍ഷങ്ങളില്‍ അക്രമം വര്‍ധിച്ചിരുന്നു. ഇത് അയല്‍രാജ്യമായ നൈജറിലേക്കും ബുര്‍ക്കിന ഫാസോയിലേക്കും അടുത്തിടെ ടോഗോ, ഘാന തുടങ്ങിയ തീരദേശ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ വടക്കന്‍ ഭാഗത്തേക്കും വ്യാപിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐ എസ് ഐ എസുമായും അല്‍ ഖ്വൈദയുമായും ബന്ധമുള്ള പശ്ചിമാഫ്രിക്കയിലെ തീവ്രവാദ സംഘടനയാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചന.