Connect with us

Kerala

ടെസ്റ്റ് പരിഷ്‌കരണം; തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി

ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ ടെസ്റ്റ് ബഹിഷ്‌കരണം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം|ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി. ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ ടെസ്റ്റ് ബഹിഷ്‌കരണം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരാളെങ്കിലും ടെസ്റ്റിന് എത്തിയാല്‍ നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ആദ്യം ആരും ടെസ്റ്റിന് വന്നിരുന്നില്ല. പിന്നീട് രണ്ടുപേര്‍ എത്തി. രണ്ടു പേരും ടെസ്റ്റില്‍ പങ്കെടുക്കാതെ മടങ്ങി. ഇന്നത്തെ തീയതി റദ്ദായതിനെ തുടര്‍ന്നാണ് പങ്കെടുക്കാതെ മടങ്ങിയത്.

കോഴിക്കോടും ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടു. കൊടുവള്ളി ആര്‍ടിഒ ഓഫീസിന് കീഴിലെ പൊയ്യയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഗ്രൗണ്ടിലെ ടെസ്റ്റ് ഇന്നും തടഞ്ഞു. ടെസ്റ്റിനോട് സഹകരിക്കില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകള്‍.

ഇന്നലെ കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും വിവിധയിടങ്ങളില്‍ ഇന്നലെ ടെസ്റ്റുകള്‍ മുടങ്ങി. തിരുവനന്തപുരം മുട്ടത്തറയില്‍ ഐ.എന്‍.ടി.യു.സിയും സ്വതന്ത്ര സംഘടനയും പന്തല്‍കെട്ടി സമരം നടത്തി. മുട്ടത്തറയില്‍ ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ടെസ്റ്റിന് വന്നവരെ ഉദ്യോഗസ്ഥരെ കാണാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.  ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണനീക്കം മൂന്ന് മാസത്തേക്ക് നീട്ടിയും നിലവിലെ രീതിയില്‍ ഭേദഗതികളോടെ ടെസ്റ്റ് തുടരുമെന്ന് വ്യക്തമാക്കി ശനിയാഴ്ച ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒത്തുതീര്‍പ്പ് ഉത്തരവിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചുമാണ് ഇപ്പോഴത്തെ സമരം.

 

 

 

Latest