International
ടെക്‌സാസില്‍ ഡയറി ഫാമിന് തീപിടിച്ചു;18,000 പശുക്കള്‍ വെന്തുമരിച്ചു
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡയറി ഫാം തീപിടിത്തമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്റ്റിന്‍|ടെക്‌സാസിലെ ഒരു ഡയറി ഫാമിലുണ്ടായ ശക്തമായ തീ പിടിത്തത്തില്‍ 18,000 പശുക്കള്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപിടിത്തമുണ്ടായ കാസ്ട്രോ കൗണ്ടി, അമറില്ലോയില്‍ നിന്ന് 112 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറന്‍ പ്രദേശം ഡയറി ഫാമുകളും കന്നുകാലി വളര്‍ത്തലുകളും നിറഞ്ഞ പ്രദേശമാണ്. തീപിടിത്തത്തില്‍ കൊല്ലപ്പെട്ട പശുക്കളില്‍ അധികവും ഹോള്‍സ്റ്റീന്‍, ജേഴ്‌സി പശുക്കളോ ഇവയുടെ സങ്കര ഇനങ്ങളോ ആണ്.
2020 ല്‍ യോര്‍ക്ക് ഡയറി ഫാമിലുണ്ടായ തീപിടിത്തമായിരുന്നു രാജ്യത്തെ ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ കൊല്ലപ്പെട്ട തീപിടിത്തം. അന്ന് 400 ഓളം പശുക്കളാണ് കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍, യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡയറി ഫാം തീപിടിത്തമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫാമിലെ മൊത്തം പശുക്കളുടെ 90 ശതമാനവും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാല്‍ ഉല്‍പ്പാദനത്തില്‍ ദേശീയതലത്തില്‍ നാലാം സ്ഥാനത്താണ് ടെക്‌സാസിന്റെ സ്ഥാനം. 319 ഗ്രേഡ് എ ഡയറികളില്‍ ഏകദേശം 625,000 പശുക്കള്‍ പാല്‍ ഉത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രതിവര്‍ഷം 16.5 ബില്യണ്‍ പൗണ്ട് പാല്‍ ആണ് ടെക്‌സാസില്‍ മാത്രം ഉത്പാദിപ്പിക്കുന്നത്.
എന്നാല്‍, വെന്തുമരിച്ച ഈ 18,000 പശുക്കളെ എങ്ങനെ സംസ്‌കരിക്കുമെന്നതാണ് ഇപ്പോഴത്തെ വലിയ പ്രശ്‌നമെന്ന് അധികൃതര്‍ വ്യക്തമാക്കി.