text books
പാഠപുസ്തകം; സാമ്പത്തിക പ്രതിസന്ധി തീരാതെ സ്‌കൂളുകൾ
ബാക്കിയായ പുസ്തകങ്ങളുടെ ബാധ്യതയിൽ പ്രധാനാധ്യാപകർ
കൽപ്പറ്റ | 2022-23 അധ്യയന വർഷത്തിലേക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ കണക്ക് നാളെക്കകം തയ്യാറാക്കി നൽകണമെന്ന സർക്കാർ നിർദേശം സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്നു. മുൻ വർഷങ്ങളിലെ പാഠപുസ്തകങ്ങൾ കുട്ടികൾ വാങ്ങാത്തതിനാൽ വിൽപ്പന നടത്താൻ സാധിക്കാതെ ബാക്കിയായ പുസ്തകങ്ങളുടെ സാമ്പത്തിക ബാധ്യതയിൽ പ്രതിസന്ധിയിലാണ് പ്രധാനാധ്യാപകർ.
എട്ട് വരെയുള്ള പുസ്തകങ്ങൾ സൗജന്യമായി കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനാൽ ഇവ സ്‌കൂളുകളിൽ ഡെഡ് സ്റ്റോക്ക് വരാറില്ല. എന്നാൽ ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പാഠപുസ്തകത്തിന് കുട്ടികൾ വില നൽകണം. അതുകൊണ്ട് തന്നെ മിക്ക കുട്ടികളും പഴയ പാഠപുസ്തകങ്ങൾ സ്വന്തമാക്കുകയാണ് പതിവ്. ഇത് സ്‌കൂൾ അധികൃതർ വാങ്ങിവെക്കുന്ന പുസ്തകങ്ങൾ ബാക്കിയാവുന്നതിനും കാരണമാകുകയും പുസ്തകങ്ങളുടെ സാമ്പത്തിക ബാധ്യത പ്രധാനാധ്യാപകരുടെ തലയിലാവുകയുമായിരുന്നു. 2014ന് ശേഷം മൂന്ന് തവണ പുസ്തക പരിഷ്‌കരണം നടത്തിയതും പുസ്തകങ്ങൾ ബാക്കിയാകാൻ കാരണമായി. അതിനിടയിൽ അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങളുടെ കണക്ക് നൽകാൻ നിർബന്ധിതരായിരിക്കുകയാണ് സ്‌കൂളുകൾ.
സ്‌കൂളിന്റെ പേരിൽ പ്രധാനാധ്യാപകരാണ് ഇൻഡന്റ് സംവിധാനം വഴി പുസ്തകം വിതരണം നടത്തുന്നത്. ഡിപ്പോ സംവിധാനമായിരുന്ന കാലത്ത് ജില്ലാ ഡിപ്പോകളിൽ നിന്നായി സ്‌കൂളുകൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ വാങ്ങി നൽകുകയായിരുന്നു.
2011 മുതൽ പാഠപുസ്തകങ്ങളുടെ വിതരണച്ചുമതല സ്‌കൂളുകളിലേക്കെത്തി. കാലഹരണപ്പെട്ട പുസ്തകങ്ങളുടെ വിൽപ്പന സംബന്ധിച്ചും അടക്കാനുള്ള തുക സംബന്ധിച്ചും ജില്ലയിലെ മുപ്പതോളം സ്‌കൂളുകൾക്ക് നോട്ടീസ് അയച്ചിരുന്നു. പുസ്തകപരിഷ്‌കരണത്തിലൂടെയും കുട്ടികൾ പഴയ പുസ്്തകം വാങ്ങിയതിലൂടെയും മിച്ചം വന്ന പുസ്തകങ്ങളിലൂടെ വലിയ സാമ്പത്തിക ബാധ്യതയാണ് ജില്ലയിലെ വിവിധ സ്‌കൂളുകൾക്ക് വന്നിരിക്കുന്നത്. മിച്ചം വന്നവ തിരിച്ചെടുക്കുകയോ മറ്റ് ക്ലാസ്സുകളെ പോലെ ഒമ്പതും പത്തും ക്ലാസ്സുകളിലെയും പുസ്തകങ്ങൾ സൗജന്യമായി വിതരണം നടത്തുകയോ ചെയ്യണമെന്നാണ് ആവശ്യം. ഇൻഡന്റ് തയ്യാറാക്കാനായി ഒമ്പത്, പത്ത് ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണം നൽകുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നിർദേശങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്.