Travelogue
അറിവിന്റെ തായ് വഴികൾ
പണ്ഡിതന്മാരുടെ നാടാണ് പട്ടാണി. പ്രദേശത്തും പുറത്തും അവർ അറിവുകൾ കൊണ്ട് നിറച്ചു. മക്കയിൽ അവർക്ക് പ്രത്യേക കേന്ദ്രം തന്നെ ഉണ്ടായിരുന്നു. ശൈഖ് ദാവൂദുൽ ഫത്വാനി(1769-1847), ശൈഖ് അബ്ദുൽ ഖാദിർ ഫത്വാനി(1889) തുടങ്ങിയവർ മക്ക കേന്ദ്രീകരിച്ച് വൈജ്ഞാനിക പ്രസരണത്തിന് നേതൃത്വം വഹിച്ചവരായിരുന്നു. അതുപോലെ യമനിലും ഈജിപ്തിലും ഒരുകാലത്ത് പട്ടാണിയിലെ പണ്ഡിത പ്രതിഭകൾ സ്തുത്യർഹമായ സേവനങ്ങൾ അർപ്പിച്ചിട്ടുണ്ട്. അമൂല്യമായ ധാരാളം കൃതികൾ അവരിലൂടെ വിരചിതമായി.

മുപ്പതിലധികം വർഷങ്ങൾക്ക് മുമ്പാണ് ശൈഖ് ബാബാ ഇസ്മാഈൽ ദാറുൽ മുഹാജിരീൻ ആരംഭിച്ചത്. അന്ന് മുതൽ മുടങ്ങാതെ അദ്ദേഹം അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു. കമ്പോഡിയ, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, മ്യാൻമർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വരെയുണ്ട് ദാറുൽ മുഹാജിരീനിൽ. ഈ രാജ്യങ്ങളിലെ ജനങ്ങൾ പല കാര്യങ്ങളിലും പരസ്പര ബന്ധം പുലർത്തുന്നവരാണ് എന്ന പ്രത്യേകതയുമുണ്ട്. വിശ്വാസം, ഹദീസ്, സ്വൂഫിസം എന്നീ വിഷയങ്ങളിൽ ഏതാനും ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്. മീസാൻ അസ്സറാറി, മവാഇളുൽ ഈമാൻ, മവാഖിഫുൽ മർജാൻ, ദുററുസ്സനിയ്യ, അൽ ഹിമമുൽ അലിയ്യ എന്നിവയാണവ.
നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. മഗ്‌രിബ് ബാങ്ക് കൊടുക്കാനായിട്ടുണ്ട്. ശൈഖവർകളുമായി സംസാരിച്ച് സമയം പോയതറിഞ്ഞില്ല. തിരിച്ച് ഹാത്യായിലെത്തണം. യാത്ര പറഞ്ഞ് മടങ്ങാനൊരുങ്ങി. അപ്പോഴുണ്ട് കാർ ഡ്രൈവർ ധും കടന്നുവരുന്നു. അദ്ദേഹത്തിന് ശൈഖിനെ കാണണമത്രെ. ബുദ്ധമത വിശ്വാസിയാണല്ലോ. അതിനാൽ തന്നെ ഇതുവരെയും ഞങ്ങളുടെ സന്ദർശന കേന്ദ്രങ്ങളിലേക്ക് അദ്ദേഹം അനുഗമിച്ചിരുന്നില്ല. മാത്രമല്ല, സമയം വൈകിയതിന്റെ പ്രയാസത്തിലാകും ധും എന്നാണ് കരുതിയിരുന്നത്. അതേ ആളാണ് വന്നിരിക്കുന്നത്. അതീവ വിനയാന്വിതനായി തല കുനിച്ച് നിന്ന് ധും ശൈഖിനെ വണങ്ങി. പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനുള്ള ആശ പങ്കുവെച്ചു! ശൈഖ് ഇബ്റാഹീം ദാറുൽ മുഹാജിരീനിലേക്കുള്ള യാത്രാ മധ്യേ ശൈഖവർകളെ പറ്റി പറഞ്ഞ കാര്യങ്ങൾ അകതാരിൽ മിന്നിമറഞ്ഞു.
പണ്ഡിതന്മാരുടെ നാടാണ് പട്ടാണി. പ്രദേശത്തും പുറത്തും അവർ അറിവുകൾ കൊണ്ട് നിറച്ചു. മക്കയിൽ അവർക്ക് പ്രത്യേക കേന്ദ്രം തന്നെ ഉണ്ടായിരുന്നു. ശൈഖ് ദാവൂദുൽ ഫത്വാനി(1769-1847), ശൈഖ് അബ്ദുൽ ഖാദിർ ഫത്വാനി(1889) തുടങ്ങിയവർ മക്ക കേന്ദ്രീകരിച്ച് വൈജ്ഞാനിക പ്രസരണത്തിന് നേതൃത്വം വഹിച്ചവരായിരുന്നു. അതുപോലെ യമനിലും ഈജിപ്തിലും ഒരുകാലത്ത് പട്ടാണിയിലെ പണ്ഡിത പ്രതിഭകൾ സ്തുത്യർഹമായ സേവനങ്ങൾ അർപ്പിച്ചിട്ടുണ്ട്. അമൂല്യമായ ധാരാളം കൃതികൾ അവരിലൂടെ വിരചിതമായി. പ്രാഥമിക ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
ദാറുൽ മആരിഫ്, മദ്റസത്തുറഹ്മാനിയ, മദ്റസത്തുൽ അലവിയ്യ, മഅഹദു ദാറുസ്സലാം തുടങ്ങിയവ അവയിൽ ചിലതു മാത്രം. യാലയിലും നരത്തിവാത്തിലുമെല്ലാം അത്തരം സ്ഥാപനങ്ങൾ ഇസ്‌ലാമിന്റെ അഭിമാനസ്തംഭങ്ങളായി നിലകൊള്ളുന്നുണ്ട്.ശൈഖ് ബാബ ഇസ്മാഈലിന്റെ പർണശാലക്ക് സമീപം അത്തരം ഒരു മദ്റസയുണ്ട്. പേര് ദാറുൽ ബറക. ഞങ്ങളതുവഴി കടന്നു പോകുമ്പോൾ മദ്റസ വിട്ട സമയമായിരുന്നു. ധാരാളം വിദ്യാർഥി വിദ്യാർഥിനികൾ പഠിക്കുന്ന സ്ഥാപനം. അധികവും കൗമാരക്കാരാണ്. സൈക്കിളുകളിലും കാൽനടയായും അവർ അറിവ് പഠിക്കാൻ എത്തുന്നു.തൊപ്പിയും ഹിജാബും ചേർന്ന യൂണിഫോം അണിഞ്ഞ് റോഡിലൂടെ കൂട്ടമായി കുട്ടികൾ നടക്കുന്ന കാഴ്ച നോക്കി മനം നിറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. മഖ്ബറകൾ സന്ദർശിക്കുന്നതും പട്ടാണി നിവാസികളുടെ പതിവാണ്.
നവീന വാദികൾക്ക് വേണ്ടത്ര വേരോട്ടം കിട്ടാത്ത പ്രദേശം. ശൈഖ് സ്വഫിയ്യുദ്ദീൻ അബ്ബാസ് അൽ യമനി(റ) ന്റെ മഖ്ബറ അവയിൽ പ്രധാനപ്പെട്ടതാണ്. ഒരു ഖബ്ർസ്ഥാന്റെ മധ്യത്തിലുള്ള കെട്ടിലാണതിന്റെ സ്ഥാനം. തായ്്ലാൻഡ് സർക്കാറിന് കീഴിലുള്ള പ്രാദേശിക ചരിത്ര സ്മാരക സംരക്ഷണ കൗൺസിലിന്റെ സംരക്ഷണയിലാണ് ഇപ്പോളിവിടം. അക്കാര്യം പരാമർശിക്കുന്ന ബോർഡ് മഖ്ബറയിൽ സ്ഥാപിച്ചിട്ടുണ്ട്. 1380 മുതൽ 1517 വരെയണ് ശൈഖ് സ്വഫിയ്യുദ്ദീന്റെ ജീവിതകാലം. പ്രദേശത്തേക്കുള്ള അദ്ദേഹത്തിന്റെ ആഗമനത്തെ സംബന്ധിച്ച് ചരിത്രകാരന്മാർക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്. കർമശാസ്ത്ര വിദഗ്ധനും സ്വൂഫിയുമായിരുന്ന അദ്ദേഹം പ്രാദേശികമായി ദാതു സിരി ഫഖീഹ് രാജാ എന്നാണ് അറിയപ്പെട്ടിരുന്നത്.
മുളഫർ ഷാ ചക്രവർത്തി ആദര സൂചകമായി നൽകിയ സ്ഥാനപ്പേരാണിത്.
ക്രൂസെ മസ്ജിദ് നിർമിക്കാൻ മുളഫർ ഷാക്ക് നിർദേശം നൽകിയത് ശൈഖ് സ്വഫിയ്യുദ്ദീൻ ആയിരുന്നു. ശൈഖിന്റെ സ്വാധീനത്താൽ പട്ടാണിയിൽ നിന്ന് ഏറെ അകലെയുള്ള നാടുകളിൽ വരെ ഇസ്‌ലാം പ്രചരിച്ചു. കാർക്കശ്യ സ്വഭാവത്തോടെ ഫത്‌വകൾ പുറപ്പെടുവിക്കുന്നതിന് പകരം തന്ത്രപൂർവം ജനങ്ങളെ വിഷയങ്ങൾ ബോധ്യപ്പെടുത്തുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. മികച്ച സാഹിത്യകാരൻ കൂടിയായിരുന്നു. ചരിത്രം, വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ ഗ്രന്ഥങ്ങൾ രചിച്ചതായി പറയപ്പെടുന്നുണ്ട്.
ശൈഖ് സ്വഫിയ്യുദ്ദീന്റെ മുമ്പ് ഇസ്‌ലാമിക സന്ദേശവുമായി വന്ന ശൈഖ് മുഹമ്മദ് സഈദ്അൽയമനി(റ)യുടേതാണ് മറ്റൊരു അന്ത്യവിശ്രമ കേന്ദ്രം. വിശാലമായ വയലിന് നടുവിലാണ് ഈ പൈതൃക കേന്ദ്രമുള്ളത്. ചെറിയൊരു സത്രവും സമീപത്ത് കാണാം. ജാവയിലെ ഒമ്പത് വിശുദ്ധരിൽ ചിലരുടെ ഗുരുനാഥനാണ്. ശൈഖ് സഈദ് സുൽത്വാൻ മുളഫർ ഷായുടെ പിതാവ് സുൽത്വാൻ ഇസ്മാഈൽ ഷായുടെ രോഗം ചികിത്സിച്ച് മാറ്റിയതും അതേ തുടർന്ന് അദ്ദേഹം മതപരിവർത്തനം നടത്തിയതും മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ഈ രണ്ട് വിശുദ്ധ സ്മാരകങ്ങളും സന്ദർശിക്കാൻ സാധിച്ചത് തായ്്ലാൻഡ് യാത്രയിലെ അവിസ്മരണീയ അനുഭവമായി.