Connect with us

From the print

തലശ്ശേരി-മാഹി ബൈപാസ് നാടിന് സമര്‍പ്പിച്ചു

ആഹ്ലാദത്തിന്റെ ഡബിള്‍ ഡക്കറില്‍ കന്നിയാത്ര 18.6 കിലോമീറ്റര്‍ നീളം.

Published

|

Last Updated

കണ്ണൂര്‍ | അരനൂറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി-മാഹി സ്വപ്നപാത നാടിന് സമര്‍പ്പിച്ചു. തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരങ്ങള്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ചോനാടത്ത് ഒരുക്കിയ സദസ്സിലേക്ക് എത്തിയിരുന്നു. തലശ്ശേരി-മാഹി ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ച ശേഷം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസിലാണ് ബൈപാസ് റോഡിലൂടെ ആദ്യസവാരി നടത്തിയത്.

തുറന്ന ബസില്‍ ബൈപാസ് കടന്നുപോകുന്നതിനിടെയുള്ള പ്രകൃതിരമണീയമായ കാഴ്ചകള്‍ ആസ്വദിച്ചായിരുന്നു യാത്ര. ചോനാടത്ത് നിന്ന് ആരംഭിച്ച് ബൈപാസ് അവസാനിക്കുന്ന മുഴപ്പിലങ്ങാടെത്തി തിരിച്ച് ചോനാടത്തേക്കായിരുന്നു യാത്ര. വിവിധ കലാപരിപാടികളോടെയായിരുന്നു ചടങ്ങിന് തുടക്കമായത്.

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ നീളത്തിലാണ് ബൈപാസ്. ധര്‍മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്. 1,516 കോടി രൂപയിലേറെ ചെലവിട്ടാണ് നിര്‍മാണം. പാലയാട് നിന്ന് തുടങ്ങി തലശ്ശേരി ബാലം വഴി 1,170 മീറ്റര്‍ നീളമാണുള്ളത്. നാല് വലിയ പാലങ്ങള്‍, അഴിയൂര്‍ റെയില്‍വേ മേല്‍പ്പാലം, നാല് വലിയ അണ്ടര്‍പാസ്സുകള്‍, 12 ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍പാസ്സുകള്‍, അഞ്ച് സ്‌മോള്‍ വെഹിക്കിള്‍ അണ്ടര്‍പാസ്സുകള്‍, ഒരു വലിയ ഓവര്‍പാസ്സ് എന്നിവ തലശ്ശേരി- മാഹി ബൈപാസില്‍ ഉള്‍പ്പെടുന്നുണ്ട്.

ദേശീയപാത 66ന്റെ ഭാഗമായി ബാലം പാലത്തിനും പള്ളൂര്‍ സ്പിന്നിംഗ് മില്‍ ജംഗ്ഷനുമിടയില്‍ കൊളശ്ശേരിക്ക് സമീപം താത്്കാലിക ടോള്‍പ്ലാസയും ഒരുക്കിയിട്ടുണ്ട്. ദേശീയപാത ബൈപാസിനായി 1977ല്‍ ആരംഭിച്ച സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ട പ്രവൃത്തി വിവിധ പ്രകൃതിദുരന്തങ്ങള്‍ കാരണമാണ് നീണ്ടുപോയത്. ഉദ്ഘാടത്തിന്റെ ഭാഗമായി ചോനാടത്ത് നടത്തിയ പരിപാടിയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്, സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍, തലശ്ശേരി നഗരസഭാ അധ്യക്ഷ കെ എം ജമുനാറാണി, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ കെ രവി (ധര്‍മടം), എം പി ശ്രീഷ (എരഞ്ഞോളി), വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളുടെതടക്കം വിവിധ കലാപരിപാടികള്‍ അരങ്ങേറി.