Kerala
താമരശ്ശേരി വനംവകുപ്പ് ഓഫീസ് ആക്രമണം: പ്രതികളെ വെറുതെവിട്ടു
കസ്തൂരിരംഗന്‍ റിപോർട്ടിനെതിരായ ഹര്‍ത്താലിനിടെ വനംവകുപ്പ് ഓഫീസ് ജനക്കൂട്ടം ആക്രമിച്ച് ഫയലുകളും വാഹനങ്ങളുമടക്കം കത്തിച്ചുവെന്ന കേസിലെ പ്രതികളെയാണ് മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ് ആര്‍ ശ്യാംലാല്‍ വെറുതെ വിട്ടത്.
കോഴിക്കോട് | താമരശ്ശേരി വനംവകുപ്പ് ഓഫീസ് അക്രമിച്ച കേസിലെ പ്രതികളെ മാറാട് പ്രത്യേക അഡീഷനല്‍ കോടതി വെറുതെ വിട്ടു. മൊത്തം 35 പ്രതികളുള്ള കേസില്‍ അഞ്ചാം പ്രതി സുരേഷ് വിചാരണക്ക് മുമ്പ് മരിച്ചിരുന്നു. ബാക്കിയുള്ള 34 പേരെയാണ് വെറുതെ വിട്ടത്. കസ്തൂരിരംഗന്‍ റിപോർട്ടിനെതിരായ ഹര്‍ത്താലിനിടെ വനംവകുപ്പ് ഓഫീസ് ജനക്കൂട്ടം ആക്രമിച്ച് ഫയലുകളും വാഹനങ്ങളുമടക്കം കത്തിച്ചുവെന്ന കേസിലെ പ്രതികളെയാണ് മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ് ആര്‍ ശ്യാംലാല്‍ വെറുതെ വിട്ടത്. ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുള്‍പ്പെടെ കൂറുമാറിയ കേസില്‍ വിസ്താര സമയത്ത് കേസ് ഡയറി കാണാതായതും വിവാദത്തിനിടയാക്കിയിരുന്നു.
2013 നവംബര്‍ 15ന് നടന്ന ഹര്‍ത്താലിനിടെയാണ് ഓഫീസ് കത്തിച്ചത്. പ്രധാന രേഖകള്‍ ഈ സമയത്ത് കത്തി നശിച്ചു. ഓഫീസിന് ചുറ്റുമുള്ള മരങ്ങള്‍ വെട്ടിമുറിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെട്ട അക്രമ സംഭവത്തിലായിരുന്നു 35 പേരെ പ്രതികളാക്കിയത്. അന്നത്തെ ഡിവൈ എസ് പി ഉള്‍പ്പെടെയുള്ളവരെ ഹര്‍ത്താലനുകൂലികള്‍ വളഞ്ഞിട്ട് തടഞ്ഞു.
വിചാരണ വേളയില്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. അഡ്വ. എന്‍ ഭാസ്‌കരന്‍ നായര്‍, അഡ്വ.ശഹീര്‍ സിംഗ്, അഡ്വ.റോബിന്‍ തോമസ്, ബെന്നി െസബാസ്റ്റ്യന്‍ എന്നിവര്‍ പ്രതികള്‍ക്കായി ഹാജരായി. പരേതനായ അഡ്വ. എം അശോകനും പ്രതികള്‍ക്കായി ഹാജരായിരുന്നു. പ്രോസിക്യൂട്ടര്‍ അഡ്വ. കെ റൈഹാനത്തിന്റെ സേവനം ചൊവ്വാഴ്ച അവസാനിപ്പിച്ച് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടതിന് ശേഷമാണ് വിധി പ്രഖ്യാപനമുണ്ടായത്.