Connect with us

Kerala

താമരശ്ശേരി ലഹരിയുടെ ഹബ്ബ്; കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥ

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മേഖലയിലെ വിവിധ പോലീസ്, എക്‌സൈസ് വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് 122 ലഹരി കേസുകളാണ്

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ രാസ ലഹരിയുമായി ഹബ്ബായി താമരശ്ശേരിയും പരിസരങ്ങളും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സുഗമമായ വരവാണ് ഈ മലയോര മേഖലയെ ലഹരിയുടെ പിടിയില്‍ അമര്‍ത്തിയത് എന്നാണ് വിവരം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മേഖലയിലെ വിവിധ പോലീസ്, എക്‌സൈസ് വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് 122 ലഹരി കേസുകളാണ്. താമരശ്ശേരി പോലീസ് മാത്രം ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 74 കേസുകളാണ്. ഇതില്‍ 20 എണ്ണം എം ഡി എം എ വലിയ തോതില്‍ പിടികൂടിയ കേസാണ്. 48 കേസുകള്‍ എക്‌സൈസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമാണ് താമരശ്ശേരി ചുരം. ലഭ്യത എളുപ്പമായതോടെയാണ് ലഹരി കെണിയില്‍ പെടുന്നവരുടെ എണ്ണവും കുറ്റകൃത്യങ്ങളും പെരുകിയത്. ലഹരിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഇന്ന് താമരശ്ശേരിയും പരിസരപ്രദേശങ്ങളും.

പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളും വയനാട് ചുരം വരെ നീണ്ടുകിടക്കുന്ന ദേശീയപാതയും എല്ലാം ഉള്‍പ്പെടുന്ന താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധി കഴിഞ്ഞ കുറച്ചു കാലമായി ലഹരിമാഫിയയുടെ പിടിയിലാണ്. ഉയര്‍ന്ന വില നല്‍കി രാസ ലഹരി വാങ്ങാന്‍ ശേഷിയുള്ളവരുടെ സാന്നിധ്യവും ഈ മേഖലയെ മാഫിയക്ക് പ്രിയപ്പെട്ടതാക്കുന്നു.

ലഹരി മാഫിയയുടെ വിളയാട്ടം നാട്ടുകാരുടെ സൈ്വര്യജീവിതം തകര്‍ക്കാന്‍ തുടങ്ങിയതോടെ ഇത്തരം സംഘങ്ങള്‍ക്കെതിരെ നാട്ടുകാര്‍ ചെറുത്തുനില്‍പ്പുകള്‍ ആരംഭിച്ചെങ്കിലും മയക്കുമരുന്നിന് അടിമയായവര്‍ മാനസിക വിഭ്രാന്തിയില്‍ ചെയ്തുകൂട്ടുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ പല കുടുംബങ്ങളും പുറത്തറിയിക്കാതെ സഹിക്കുകയാണ്. അടിവാരത്ത് ഒരു പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നും പോലീസ് പട്രോളിങ് മേഖലയില്‍ ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ഈങ്ങാപ്പുഴക്ക് സമീപം കാന്‍സര്‍ ബാധിച്ച് വീട്ടില്‍ കഴിയുകയായിരുന്ന ഉമ്മയെ ലഹരിക്ക് അടിമയായ മകന്‍ വെട്ടിക്കൊന്നതോടെ മേഖല നടുങ്ങി. പിന്നാലെ ലഹരിയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി അക്രമങ്ങള്‍ ഇവിടങ്ങളില്‍ അരങ്ങേറി. ലഹരി തലയ്ക്ക് കയറി ക്ഷേത്രത്തിലെ വാളെടുത്തു ജ്യേഷ്ഠന്‍ സ്വന്തം അനുജന്റെ തലയ്ക്കു വെട്ടി, വീടിന് പുറത്ത് സി സി ടി വി വച്ചതിന് ഗൃഹനാഥന്‍ ലഹരിമാഫിയയുടെ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു.

പോലീസിനെ കണ്ട് കൈയിലിരുന്ന എം ഡി എം എ വിഴുങ്ങി ഷാനിദ് എന്ന യുവാവ് മരിച്ചത് അടുത്തയിടെയാണ്. ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും സുഹൃത്തുക്കളും ഒരുമിച്ച് ലഹരി ഉപയോഗിക്കുന്നവരും ആയിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു.

 

Latest