Kerala
ധന്യമായി ഖത്മുൽ ബുഖാരി സംഗമം
മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ പഠന കളരികളിൽ ഒന്നാണ് മർകസിലെ കാന്തപുരത്തിൻ്റെ ബുഖാരി ക്ലാസ്സ്
കാരന്തൂർ | കാന്തപുരം എ ത്തിൻ്റെ സ്വഹീഹുൽ ബുഖാരി അധ്യാപനത്തിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
മുസ്‌ലിംകളുടെ വിശ്വാസ, ജീവിത ഭരണഘടനയായ പരിശുദ്ധ ഖുർആന് ശേഷം ഇസ്‌ലാമിക ലോകം ആധികാരിക പ്രമാണമായി കണക്കാക്കുന്ന പ്രവാചക വചനങ്ങളുടെ ക്രോഡീകൃത ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി. പഴയ സോവിയറ്റ് യൂനിയനിലെ ഉസ്ബകിസ്ഥാനിൽ ജനിച്ച ഇമാം ബുഖാരിയാണ് സ്വഹീഹുൽ ബുഖാരിയുടെ വിശ്രുത രചന നിർവഹിച്ചത്. ഈ ഹദീസ് ഗ്രന്ഥം പഠിച്ചു തീർക്കുമ്പോൾ സംഘടിപ്പിക്കുന്ന ആത്മീയ സദസ്സാണ് ഖത്മുൽ ബുഖാരി.
ഇന്ത്യൻ ഗ്രാന്റ് മുഫ്തിയും മർകസ് ചാൻസലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന ഈ ഹദീസ് ക്ലാസ് മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ പഠന കളരികളിൽ ഒന്നാണ്. ഈ വൈജ്ഞാനിക പാരമ്പര്യത്തിന്റെ ചരിത്രപരമായ തുടർച്ചയാണ് മർകസിൽ നടന്നു വരുന്ന സ്വഹീഹുൽ ബുഖാരി ദർസ്. കാന്തപുരം ഉസ്താദിന്റെ ആത്മീയ ചൈതന്യം നേരിട്ട് അനുഭവവേദ്യമാവുന്ന ഉൾക്കാഴ്ചയുള്ള പണ്ഡിത ചർച്ചകളാണ് ഓരോ ദർസും. കേരള മുസ്‌ലിംകളുടെ സമീപകാല വൈജ്ഞാനിക ചരിത്രത്തിൽ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു സദസ്സും കാണാനാകില്ല. ഈ പാരമ്പര്യത്തിന്റെ വാർഷികാഘോഷമായി സംഘടിപ്പിക്കുന്നതായിരുന്നു ഖത്മുൽ ബുഖാരി ആത്മീയ സമ്മേളനം.