Connect with us

Kerala

എല്ലാവരോടും നന്ദി, സമരം തുടരും: അനുപമ

Published

|

Last Updated

തിരുവനന്തപുരം | കുഞ്ഞിനെ തിരികെ കിട്ടാനുള്ള പോരാട്ടത്തില്‍ കൂടെനിന്ന എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ. കുഞ്ഞിനെ ലഭിച്ചതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച അനുപമ പൂര്‍ണമായ നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. തുടര്‍ സമര രീതികള്‍ എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കും.

വഞ്ചിയൂര്‍ കുടുംബ കോടതി വിധി പ്രകാരമാണ് കുഞ്ഞിനെ അമ്മക്ക് കൈമാറിയത്. കുഞ്ഞ് അനുപമയുടെത് തന്നെയാണെന്ന് കോടതിക്ക് വ്യക്തമാവുകയായിരുന്നു. കുട്ടിയെ ഹാജരാക്കാന്‍ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ട കോടതി ഡോക്ടറെ വിളിച്ചു വരുത്തി കുഞ്ഞിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് കൈമാറ്റത്തിനുള്ള ഉത്തരവിട്ടത്. ഉച്ചക്ക് 2.30 ന് ആരംഭിച്ച കോടതി നടപടികള്‍ ഒരുമണിക്കൂര്‍ നീണ്ടു.

മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അനുപമക്ക് നീതി ലഭിച്ചത്. കുട്ടിയെ വിട്ടുകിട്ടാന്‍ അനുപമ ഹരജി നല്‍കിയിരുന്നു. ഡി എന്‍ എ റിപ്പോര്‍ട്ടും കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നു. അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.

Latest