Connect with us

shashi tharoor and congress

വിലക്കുകൾക്കിടെ തരൂരിൻ്റെ കോട്ടയം പര്യടനം തുടരുന്നു

തരൂരിനൊപ്പം വേദി പങ്കിടാൻ ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിസമ്മതിച്ചു.

Published

|

Last Updated

കോട്ടയം | ഡി സി സി നേതൃത്വത്തിൻ്റെ വിലക്കുകളുണ്ടെങ്കിലും കോട്ടയത്ത് പര്യടനം തുടർന്ന് തിരുവനന്തപുരം എം പി ശശി തരൂർ. കാഞ്ഞിരപ്പള്ളി ആർച്ച് ബിഷപ്പ്, പാലാ ബിഷപ്പ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കെ പി സി സി മുൻ അധ്യക്ഷൻ കെ എം ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു. എന്നാൽ, തരൂരിനൊപ്പം വേദി പങ്കിടാൻ ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിസമ്മതിച്ചു. തരൂർ എത്തുന്ന വേളയിൽ നാട്ടകം വേദി വിട്ടു. രാത്രി ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.

താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് തരൂർ കോട്ടയത്ത് ചോദിച്ചു. പാർട്ടിയുടെ ചട്ടക്കൂടിന് ഉള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ആര് പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും തനിക്ക് പ്രശ്നമല്ല. തന്നെ ക്ഷണിച്ചത് കൊണ്ടാണ് താൻ പോകുന്നതെന്നും തരൂർ പറഞ്ഞു. ജില്ലാ നേതൃത്വത്തെ അറിയിക്കേണ്ടത് യൂത്ത് കോൺഗ്രസാണ്. അവരത് ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. തന്നെ ക്ഷണിച്ചത് പോലെ മറ്റുള്ളവരെയും ക്ഷണിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍ ഉദ്ഘാടകനായ യൂത്ത് കോണ്‍ഗ്രസ് പരിപാടി ഡി സി സിയെ അറിയിച്ചിട്ടില്ലെന്ന് പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞിരുന്നു. തരൂരിനെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്ന് കോട്ടയം ഡി സി സി അറിയിച്ചിട്ടുണ്ട്. താരിഖ് അന്‍വറിന്റേയും അച്ചടക്ക സമിതിയുടേയും നിര്‍ദേശങ്ങള്‍ ശശി തരൂര്‍ ലംഘിച്ചു. പാര്‍ട്ടിയുടെ മര്യാദ എന്തെന്ന് തരൂരിന് മനസിലായിട്ടില്ലെന്നാണ് തോന്നുന്നത്. കീഴ്വഴക്കങ്ങള്‍ പാലിച്ചുപോകുന്ന പാര്‍ട്ടിയെന്ന നിലയില്‍ ശശി തരൂരിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. പരിപാടിയിൽ ജില്ലയിലെ പ്രമുഖ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുക്കില്ല.

ദിവസങ്ങൾക്ക് മുമ്പ് തരൂർ മലബാറിൽ പര്യടനം നടത്തിയപ്പോഴും ഡി സി സി നേതൃത്വങ്ങൾ ഉടക്കിട്ടിരുന്നു. എന്നാൽ, യൂത്ത് കോൺഗ്രസ് സമ്പൂർണ പിന്തുണ നൽകുന്നുണ്ട്. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിനെ തുടർന്നാണ് തരൂരിനെതിരെ സംസ്ഥാനത്തെ നേതാക്കൾ രംഗത്തുവന്നത്. ചില നേതാക്കൾ അദ്ദേഹത്തെ പിന്തുണക്കുന്നുമുണ്ട്.

Latest