Kerala
തരൂര്‍ വിവാദം കൊഴുക്കുന്നു; നാട്ടകം സുരേഷിനെ വിമര്‍ശിച്ച് കെ മുരളീധരന്‍, തന്നെ പഠിപ്പിക്കേണ്ടെന്ന് സുരേഷ്
തരൂരിന്റെ പരിപാടി അറിയിച്ചിട്ടില്ലെങ്കില്‍ കെ പി സി സി അധ്യക്ഷനോടാണ് പരാതി പറയേണ്ടതെന്ന് മുരളീധരന്‍. മുരളീധരന്‍ പറഞ്ഞതും മാധ്യമങ്ങളോടു തന്നെയല്ലേയെന്നും സുരേഷ്.
കോഴിക്കോട് | തരൂരിന്റെ പരിപാടി അറിയിച്ചില്ലെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് മാധ്യമങ്ങളോട് പറഞ്ഞതിനെ വിമര്‍ശിച്ച് കെ മുരളീധരന്‍ എം പി. ഇത്തരം കാര്യങ്ങളില്‍ വിവാദം പാടില്ല. തരൂര്‍ അറിയിച്ചിട്ടു തന്നെയാണ് പരിപാടിക്ക് പോയത്. അഥവാ അറിയിച്ചിട്ടില്ലെങ്കില്‍ കെ പി സി സി അധ്യക്ഷനോടാണ് പരാതി പറയേണ്ടത്, മാധ്യമങ്ങളോടല്ലെന്നും മുരളീധരന്‍ പറഞ്ഞു.
തരൂര്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. തരൂരിന്റെ പരിപാടിയില്‍ തിരുവഞ്ചൂര്‍ പങ്കെടുക്കാതിരുന്നത് ശരിയാണെന്നും മുരളീധരന്‍ പ്രതികരിച്ചു.
അതേസമയം, മുരളീധരന്‍ തന്നെ പഠിപ്പിക്കേണ്ടെന്ന് നാട്ടകം സുരേഷ് പറഞ്ഞു. മാധ്യമങ്ങളെ അറിയിച്ചത് ശരിയായില്ലെന്ന് മുരളീധരന്‍ പറഞ്ഞതും മാധ്യമങ്ങളോടു തന്നെയല്ലേയെന്നും സുരേഷ് ചോദിച്ചു. 14 വര്‍ഷമായി തരൂര്‍ എന്താണ് പാര്‍ട്ടിക്ക് വേണ്ടി ചെയ്തത്?. കെ റെയില്‍ സമരത്തില്‍ പ്രവര്‍ത്തകര്‍ വെയിലും മഴയും കൊണ്ടു നിന്നിട്ടുണ്ട്. അപ്പോള്‍ പിണറായി വിജയനെ പിന്തുണച്ച് സംസാരിക്കുകയാണ് തരൂര്‍ ചെയ്തത്. തരൂര്‍ സംഘടനാ മര്യാദ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കോട്ടയം ഡി സി സി അധ്യക്ഷന്‍ പറഞ്ഞു.