Kerala
തരൂരിന് ഒരു സംസ്ഥാനത്തും മേല്‍ക്കൈ ലഭിച്ചില്ല: കൊടിക്കുന്നില്‍ സുരേഷ്
ലിസ്റ്റിന് പുറത്തുള്ളവര്‍ വോട്ട് ചെയ്തുവെന്ന ശശി തരൂരിന്റെ ആരോപണത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആരോപണം തെളിയിക്കാന്‍ തരൂരിനെ ഉണ്ണിത്താന്‍ വെല്ലുവിളിച്ചു.
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ നേടിയ മികച്ച വോട്ടിംഗ് ശതമാനത്തെ അംഗീകരിക്കാന്‍ തയാറാകാതെ കേരളത്തില്‍ ഖാര്‍ഗെ അനുകൂലികള്‍. ശ്രദ്ധേയമായ പ്രകടനം തരൂര്‍ കാഴ്ചവച്ചത് അദ്ദേഹത്തെ പിന്തുണച്ചവര്‍ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അതിനെ തള്ളിക്കളയുന്ന പ്രതികരണമാണ് കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഭാഗത്തു നിന്നുണ്ടായത്.
ഖാര്‍ഗെക്കാണ് തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചുവെന്നും തരൂരിന് ഒരു സംസ്ഥാനത്ത് നിന്നും വ്യക്തമായ മേല്‍ക്കൈ ഉണ്ടായിട്ടില്ലെന്നുമായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം. 100 വോട്ട് എണ്ണുമ്പോള്‍ നാലോ അഞ്ചോ വോട്ട് എന്ന നിലക്കാണ് തരൂരിന് കിട്ടിയതെന്നും 1000 വോട്ട് കിട്ടുന്നത് വലിയ കാര്യമല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. 9,000ത്തില്‍ കൂടുതല്‍ വോട്ടുള്ള തിരഞ്ഞെടുപ്പില്‍ തരൂരിന് കേരളത്തില്‍ നിന്നാണ് കൂടുതല്‍ വോട്ട് കിട്ടിയതെന്ന് പറയാനാകില്ല. ഖാര്‍ഗെക്ക് ചെയ്ത വോട്ടുകളാണ് അധികവും അസാധുവായത്. 400 വോട്ടുകളെങ്കിലും ഇങ്ങനെ ഖാര്‍ഗെക്ക് നഷ്ടപ്പെട്ടു. വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന തരൂരിന്റെ ആരോപണം പരാജയം മുന്നില്‍ കണ്ടുള്ളത് മാത്രമായിരുന്നുവെന്നു. മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ തരൂര്‍ പുതുതായി ഒന്നും ഉന്നയിച്ചിരുന്നില്ലെന്നും പാര്‍ട്ടിക്ക് വേണ്ട മാറ്റം പാര്‍ട്ടി കൊണ്ടുവരുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
അതിനിടെ, ലിസ്റ്റിന് പുറത്തുള്ളവര്‍ വോട്ട് ചെയ്തുവെന്ന ശശി തരൂരിന്റെ ആരോപണത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. ആരോപണം തെളിയിക്കാന്‍ തരൂരിനെ ഉണ്ണിത്താന്‍ വെല്ലുവിളിച്ചു. തെലങ്കാനയില്‍ ക്രമക്കേട് നടന്നുവെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും തെറ്റായ ആരോപണം ഉന്നയിച്ച തരൂര്‍ മാപ്പ് പറയണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.