Kerala
വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല; പ്രശ്‌നം അവസാനിച്ചെന്ന് കെ സുധാകരന്‍
ഡി വൈ എഫ് ഐ പരിപാടിയില്‍ തരൂര്‍ പങ്കെടുക്കില്ല

കോഴിക്കോട് | പാര്‍ട്ടി തീരുമാനത്തോടെ പ്രശ്‌നം അവസാനിച്ചുവെന്നും വലിയ ദ്രോഹമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ലെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ഡി വൈ എഫ് ഐ പരിപാടിയില്‍ തരൂര്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തില്‍ ഇരുന്ന് പറയാന്‍ പാടില്ലാത്തതാണ് തരൂര്‍ പറഞ്ഞത്. പക്ഷേ അതിന്റെ പേരില്‍ തൂക്കിക്കൊല്ലാന്‍ പറ്റില്ല. ചിലര്‍ അതിനെ വ്യാഖ്യാനിച്ച് വലുതാക്കി. നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണ്. വ്യാവസായിക വളര്‍ച്ചയില്‍ ശശി തരൂരിന്റെ പ്രസ്താവന പൂര്‍ണ അര്‍ഥത്തില്‍ അല്ല. ചില അര്‍ധ സത്യങ്ങള്‍ ഉണ്ടെന്ന മട്ടില്‍ ആയിരുന്നു പ്രസ്താവന നടത്തിയതെന്നും സുധാകരന്‍ വിശദീകരിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിക്ഷേപക സംഗമം നടത്തിയപ്പോള്‍ അത് ബഹിഷ്‌കരിച്ചവരാണ് സി പി എം. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ നിക്ഷേപക സംഗമം നടന്നുന്നത് വൈകി വന്ന വിവേകമാണ്. സി പി എം നിക്ഷേപക സംഗമം നടത്തുന്നത് കാലത്തിന്റെ മധുര പ്രതികാരമാണെന്നും അദ്ദേഹം പരിഹസിച്ചു.