അതിഥി വായന
മഹത്തരം ആ ജ്ഞാനജീവിതം
കേരള മുസ്‌ലിം ചരിത്രത്തിൽ വലിയ സ്വാധീനം സൃഷ്ടിച്ച പണ്ഡിതവര്യനാണ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ. അറബി സാഹിത്യരംഗത്തും അധ്യാപന മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ അനർഘങ്ങളാണ്. ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവും സ്വാധീനം സൃഷ്ടിച്ച സംഭവങ്ങളിലൊന്നാണല്ലോ ബദ്ർ യുദ്ധം. ബദ്റിൽ നടന്ന പോരാട്ടങ്ങളുടെയും അവയിൽ പങ്കെടുത്ത പ്രവാചകരുടെയും പ്രവാചക അനുയായികളുടെയും മഹത്വങ്ങൾ വർണിച്ച് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ രചിച്ച ബദ്ർ മൗലിദ് അതിപ്രശസ്തമാണ്.
മത പഠന മേഖലയിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ സൃഷ്ടിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഗുരുനാഥൻ കൂടിയാണ് വളപ്പിൽ ഉസ്താദ്. കേരള മുസ്‌ലിം ചരിത്രത്തിന് ശ്രദ്ധേയമായ സംഭാവനകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവചരിത്രം വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. ചരിത്ര രേഖകൾ ക്രോഡീകരിക്കപ്പെടാത്തതും അനുഭവങ്ങളുടെ ലഭ്യതക്കുറവുമായിരുന്നു അതിനു കാരണം. ഇത്തരം പ്രതിസന്ധികൾ തരണം ചെയ്ത് ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തി തയ്യാറാക്കിയ ശ്രദ്ധേയ രചനയാണ് സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടിയുടെ “ബദ്ർ മൗലിദ് രചയിതാവ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം’.
പ്രാഥമിക വിഭവങ്ങളാണ് ആധാരമായി ഉപയോഗിച്ചിട്ടുള്ളത് എന്നത് ഗ്രന്ഥത്തെ സമഗ്രമാക്കുന്നുണ്ട്. വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെയും സഹോദരന്മാരായ അബ്ദുർറഹ്മാൻ മുസ്‌ലിയാർ, മുഹിയിദ്ദീൻ മുസ്‌ലിയാർ, ഇബ്റാഹിം മുസ്‌ലിയാർ, സഹോദരി പുത്രൻ ബാവ മുസ്‌ലിയാർ എന്നിവരുടെ രചനകളും കൈയെഴുത്തുകളും കണ്ടെത്തിയാണ് പുസ്തകത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ജീവചരിത്ര വിശകലനങ്ങൾക്കൊപ്പം പത്തൊമ്പതാം നൂറ്റാണ്ടുകളിലെ മുസ്‌ലിം സാംസ്കാരിക വിനിമയങ്ങളെയും സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി അനാവരണം ചെയ്യുന്നുണ്ട്.
മഖ്ദൂമുമാരിലൂടെ മുസ്‌ലിം കേരളത്തിന്റെ ആസ്ഥാനമായി മാറിയ പൊന്നാനിയുടെ പൈതൃകവും പ്രതാപവും സർഗാത്മകമായി അവതരിപ്പിച്ചാണ് ഗ്രന്ഥത്തിന്റെ തുടക്കം. വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ പിതൃപരമ്പരയിലൂടെയുള്ള ഈ പഠന യാത്ര വായനക്കാർക്ക് നവ്യാനുഭവം പകരുമെന്നതിൽ സംശയമില്ല. ഇസ്‌ലാമിക ചരിത്രത്തിലെ മൂന്നാം ഖലീഫ ഉസ്മാൻ(റ)ന്റെ സന്താന പരമ്പരയിലാണ് അദ്ദേഹത്തിന്റെ ജനനം. അധികമൊന്നും പഠനവിധേയമാക്കപ്പെട്ടിട്ടില്ലാത്ത ചരിത്രത്തിലെ ഉള്ളറകളിലേക്കുള്ള എത്തിനോട്ടമാണ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രത്തിലെ ആദ്യ രണ്ട് അധ്യായങ്ങൾ എന്നുപറയാം. വളപ്പിൽ പണ്ഡിത തറവാടും അതിൽ ജന്മമെടുത്ത പണ്ഡിത പ്രതിഭകളും സാമൂഹിക നിർമിതിയിൽ വഹിച്ച പങ്ക് പുസ്തകം വരച്ചുകാട്ടുന്നുണ്ട്. വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ അധ്യയന അധ്യാപന രചനാ ഘട്ടങ്ങളാണ് തുടർ അധ്യായങ്ങളിലെ പ്രതിപാദ്യവിഷയങ്ങൾ. ഇന്നലെകളിൽ മലബാറിനെ ജീവസ്സുറ്റതാക്കിയ ദർസീ വിദ്യാഭ്യാസ ക്രമത്തിന്റെ നേർചിത്രമാണ് ഈ അധ്യായങ്ങൾ. കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലം മാപ്പിളമാർക്ക് ആത്മീയ നേതൃത്വം നൽകിയത് വളപ്പിൽ ഉസ്താദിന്റെ ഗുരുനാഥന്മാരും ശിഷ്യഗണങ്ങളുമായിരുന്നു. അലി ഹസൻ മഖ്ദൂം എന്ന പേരിൽ അറിയപ്പെട്ട കോയക്കുട്ടി മുസ്‌ലിയാർ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ, പൊന്നാനി വലിയ ബാവ മുസ്‌ലിയാർ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, സമസ്ത സ്ഥാപക നേതാവായിരുന്ന പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവരുടെ ചരിത്രങ്ങളും അവർക്ക് വളപ്പിൽ ഉസ്താദുമായി ഉണ്ടായിരുന്ന ബന്ധവും ഈ അധ്യായങ്ങളിൽ കടന്നുവരുന്നു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ബിരുദ പഠനത്തിനു വേണ്ടി മത വിദ്യാർഥികളുടെ ഒഴുക്കു തുടങ്ങിയ കാലഘട്ടം കൂടിയായിരുന്നു വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെത്. വെല്ലൂർ ബാഖിയാത്, ലത്വീഫിയ അറബി കോളജ് തുടങ്ങിയ ഉന്നത കലാലയങ്ങൾ ലക്ഷ്യമാക്കി ആയിരുന്നു അവരുടെ യാത്രകൾ.
അത്തരത്തിൽ കേരളത്തിൽനിന്ന് ആദ്യമായി തമിഴ്നാട്ടിലേക്ക് ഉപരിപഠനത്തിന് പുറപ്പെട്ടത് വളപ്പിൽ ഉസ്താദിന്റെ ശിഷ്യനായിരുന്ന മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാപനം മുതൽ ഇന്നുവരെയുള്ള നേതൃത്വം ബാഖിയാത് അറബിക് കോളജിൽ പഠനം പൂർത്തീകരിച്ചവരാണല്ലോ. വൈജ്ഞാനിക മേഖലയിൽ വളപ്പിൽ ഉസ്താദ് സൃഷ്ടിച്ച വിപ്ലവകരമായ പരിവർത്തനങ്ങൾ ചെറുതല്ലെന്ന് ചുരുക്കം.
പത്ത് രചനകളാണ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ തൂലിക സമൂഹത്തിന് സമ്മാനിച്ചിട്ടുള്ളത്. ബദ്ർ മൗലിദ് ആണ് അവയിൽ പ്രധാനപ്പെട്ടത്. മൻഖൂസ് മൗലിദ് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള അപദാന കാവ്യമാണ് ബദ്ർ മൗലിദ്. കൂടാതെ ഹംസതുൽ കർറാർ മൗലിദ്, ശൈഖ് ബദവി മൗലിദ്, പുറത്തീൽ മൗലിദ്, മമ്പുറം തങ്ങൾ മൗലിദ് എന്നിവയും അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. അവയെക്കുറിച്ചെല്ലാം വളപ്പിൽ ഉസ്താദ് ജീവിത ചരിത്രം വിശദമായി വിവരിക്കുന്നുണ്ട്. മാത്രമല്ല, വിവിധ ഘട്ടങ്ങളിലായി അദ്ദേഹം രചിച്ച നിമിഷ കവിതകളും അവതാരികകളും കണ്ടെത്തി അവയുടെ ആശയ സംഗ്രഹങ്ങൾ നൽകിയത് പുസ്തകത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. നൂറ്റി ഇരുപത് കൊല്ലങ്ങൾക്കു മുമ്പ് നമ്മോട് വിട പറഞ്ഞ ഒരു മഹാപണ്ഡിതന്റെ ജീവിതത്താളുകൾ അനുവാചകർക്ക് മുമ്പിൽ സമർപ്പിക്കുക വഴി സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി നിർവഹിച്ച ദൗത്യം അഭിനന്ദനാർഹമാണ്. മലയാളി മുസ്‌ലിംകളുടെ സാംസ്കാരിക വളർച്ചയിൽ പാരമ്പര്യ ഉലമാക്കൾ വഹിച്ച നിർണായക പങ്ക് തിരിച്ചറിയാൻ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം സഹായകമാകുമെന്ന് തീർച്ച. ഐ പി ബിയാണ് ഗ്രന്ഥത്തിന്റെ പ്രസാധകർ. വില 70 രൂപ.
• സൽമാൻ സഖാഫി അൽ മുസ്തഫവി ഊരകം
salmankunnath751@gmail.com