Connect with us

Prathivaram

കാഫ് മല കണ്ട ആ പൂങ്കാറ്റ്

ഒട്ടകങ്ങൾ വരി വരി വരിയായ്, മഹിയിൽ മഹാ സീനെന്ന്, ആരംഭ സെബീദാന്റെ, പടവാള് മിഴിയുള്ളോള്, പേരക്ക തോട്ടത്തിൽ, പൂമകളാണ് ഹുസുനുൽ ജമാൽ, മൗതും ഹയാതും, ബദറുൽ ഹുദ യാസീൻ, നിസ്‌കാര പായ നനഞ്ഞ് കുതിർന്നല്ലോ... തുടങ്ങി ജനം ഏറ്റെടുത്ത മാപ്പിളപ്പാട്ടുകാരൻ. കണ്ഠത്തിൽ കുയിലിന്റെ നാദവുമായി പിറന്നവനെന്ന് മലയാളത്തിന്റെ ജനകീയ കവി വൈലോപ്പിള്ളി ശ്രീധര മേനോൻ വിശേഷിപ്പിച്ച, ഗാനകോകിലമെന്ന് വൈക്കം മുഹമ്മദ് ബഷീർ വിളിച്ച പീർ മുഹമ്മദെന്ന മലബാറിന്റെ സ്വന്തം പീർക്ക അനശ്വരമായ നിരവധി മാപ്പിളപ്പാട്ടുകൾ സമ്മാനിച്ച് വിടവാങ്ങിയിരിക്കുന്നു. അദ്ദേഹത്തെ സ്മരിക്കുകയാണ് പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറന്പ്.

Published

|

Last Updated

തുടുത്തസൈത്തൂൺ മരത്തിന്റെ കനികളും
ജറാദെന്ന കിളികളും
ചുടുകാറ്റിന്നൊലികളും
ഇടക്കിടക്ക് കച്ചോട സംഘങ്ങൾ പോകുന്ന പാതകളും…

ഒട്ടകങ്ങൾ വരി വരി വരിയായ്, കാരക്ക മരങ്ങൾ നിര നിര നിരയായ,് ഒട്ടിടവിട്ടുയരത്തിൽ മലയുള്ള മരുഭൂമി വിലസിടുന്നു…

കാഫ് മലകണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ട് വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മധുവൂറും ഖിസ്സ പറഞ്ഞാട്ടെ

നാട്ടിലാകമാനം കുറിക്കല്യാണം നടക്കുന്ന കാലം. അറുപതുകളിൽ തുടങ്ങി എൺപത് കാലം വരെ. അന്ന് ഈ കുറിപ്പുകാരന്റെ ജോലി മൈക്ക് സെറ്റ് ഓപ്പറേറ്ററായാണ്. മൈക്ക് സെറ്റ് ഓപ്പറേറ്ററുടെ ജോലി ഏറ്റെടുക്കാൻ കാരണം പാട്ട് കേൾക്കാനുള്ള അതിയായ ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. അക്കാലത്ത് വിപണിയിലിറങ്ങുന്ന ഗ്രാമഫോൺ റിക്കാർഡുകൾ ആദ്യം സ്വന്തമാക്കുന്ന സെറ്റുകാർക്കാണ് പരിപാടികൾ ലഭിക്കുക. കല്യാണത്തിനും ടീപാർട്ടിക്കും നല്ല പാട്ടുകൾ (റിക്കാർഡുകൾ) ശേഖരിച്ചുവെക്കുക പതിവാണ്. 1976ൽ കാലിക്കറ്റ് ഫോണോ ഹൗസിലെ റിക്കാർഡ് കടയിലേക്ക് ചെന്നപ്പോൾ കോയക്കാ പറഞ്ഞു. പുതിയ ഒരു പാട്ടുകാരന്റെ റിക്കാർഡ് ഇറങ്ങിയിട്ടുണ്ട്. പാടിച്ചു നോക്കിയപ്പോൾ ഞാൻ അക്ഷരാർഥത്തിൽ തരിച്ചിരുന്നു പോയി. അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാൻ… റെക്കോർഡിന്റെ മറുപുറത്ത് ഒയ്യേയെനിക്കുണ്ട് പയ്യല് പിറായത്തിൽ… പാട്ടുകാരുടെ പേര് വായിച്ചപ്പോൾ എസ് വി പീർ മുഹമ്മദ്, എസ് പി ശൈലജ. പെട്ടെന്ന് റിക്കാർഡ് കൈയിലാക്കി നാട്ടിൽ നടക്കുന്ന കുറിക്കല്യാണ പരിപാടിയിൽ ആദ്യമായി ഞാൻ ആ പാട്ട് ഉച്ചത്തിൽ പാടിച്ചു. നാട്ടിലുള്ള പാട്ടുസ്‌നേഹികളൊക്കെ തടിച്ചുകൂടി. ആരാണ് ഈ പാട്ടുപാടിയതെന്ന് അക്കാലത്ത് എനിക്കും അറിയില്ല. ആ പാട്ടിന്റെ സംഗീത സംവിധാനം നിർവഹിച്ചത് അക്കാലത്ത് മലയാള ചലച്ചിത്ര ലോകത്തെ സംഗീതരംഗത്ത് അതികായനായ എ ടി ഉമ്മറായിരുന്നു. തുടർന്നങ്ങോട്ട് അനർഘ മുത്തുമാല എടുത്ത് കെട്ട്… പൂക്കൾവിരിഞ്ഞു നിൽക്കും…. നിസ്‌കാരപായാ നനഞ്ഞുകുതിർന്നല്ലോ…പേരക്കത്തോട്ടത്തിൽ… മഹിയിൽ മഹാ സീനെന്ന്… തുടങ്ങിയ അനശ്വര വരികൾ. പ്രശസ്ത കവി പി ടി അബ്ദുർറഹ്്മാന്റെ രചനയും പീർ മുഹമ്മദ്, ശൈലജ- സിബല്ല സദാനന്ദൻ തുടങ്ങിയ ത്രിമൂർത്തി സംഗമത്തിൽ മലയാളികൾക്ക് ഗ്രാമഫോൺ റിക്കാർഡിലൂടെയും തുടർന്ന് കാസറ്റുകളിലൂടെയും ഒഴുകിവന്നപ്പോൾ മാപ്പിളപ്പാട്ടിന്റെ ആസ്വാദകർ കോരിത്തരിച്ചു വിസ്മയിച്ചിരുന്നുപോയിട്ടുണ്ട്.
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
മലർക്കൊടിയേ ഞാനെന്നും പുഴയരികിൽ പോയെന്നും…
തുടങ്ങിയ പാട്ടുകൾ മുഴങ്ങാത്ത ഒരു മാപ്പിള ഗാനമേളയും മലയാള ലോകത്ത് കേൾക്കാൻ കഴിയില്ല. പാടിയ പാട്ടുകളെല്ലാം ഹിറ്റാകുക എന്ന അനുഗൃഹീതവും മാന്ത്രികവുമായ ശബ്ദത്തിന്റെ ഉടമയാണ് പീർ മുഹമ്മദ്.

മഹാകവി മോയിൻകുട്ടി വൈദ്യർ അറബി മലയാള സങ്കര ഭാഷയിൽ രചിച്ച ബദ്‌റുൽ മുനീർ ഹുസനുൽ ജമാൽ എന്ന ഖണ്ഡകാവ്യം കേവലം 12 പാട്ടിൽ ഒതുക്കി ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ പി ടി അബ്ദ്ുർറഹ്്മാൻ രചിച്ച് കലാകേരളത്തിനു സമ്മാനിച്ചത് പീർ മുഹമ്മദിന്റെ സ്വരമാധുരിയിലാണ്. അതുപോലെ ലൈലാ മജ്‌നു എന്ന അറേബ്യൻ പ്രേമകവിതയും പ ി ടി രചിച്ച് നമ്മേ കേൾപ്പിച്ചതും പീർ മുഹമ്മദാണ്. വിശ്വ സാഹിത്യകാരനായ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത കഥയും ഗ്രാമ ഫോൺ റിക്കാർഡിലൂടെ മലയാളത്തെ കേൾപ്പിച്ചതും പീർ മുഹമ്മദാണ്. വടക്കെ മലബാറിലെ കല്യാണ വീടുകളിൽ ആഘോഷപ്പാട്ടുകൾ പാടി അനുവാചക ഹൃദയങ്ങളെ തൊട്ടുണർത്തിയ പീർ മുഹമ്മദ് ആൻഡ് പാർട്ടി 1977 ആയപ്പോഴേക്കും വേദിയിൽ നിന്ന് വേദിയിലേക്ക് ജൈത്രയാത്ര നടത്തുകയായിരുന്നു. പ്രവാസലോകത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരനായിരുന്നു പീർ മുഹമ്മദ്. എത്ര വട്ടമാണ് ഗൾഫിലേക്ക് ആദ്ദേഹവും ഗായക സംഘവും പറന്നതെന്ന് തിട്ടപ്പെടുത്താൻ പ്രയാസമാണ്.
ഈ കുറിപ്പുകാരന്റെ വളരെ കുറച്ചു പാട്ടുകൾ മാത്രമേ പീർ മുഹമ്മദ് പാടിയിട്ടുള്ളൂവെങ്കിലും കൂടെ ഒട്ടനവധി ഗാനമേളക്കും അതുപോലെ മൂന്നോ നാലോ ഗൾഫ് പരിപാടിയിലും ആദ്ദേഹത്തോടൊപ്പം പങ്കെടുത്തത് ഓർമയിലെ അനർഘ നിമിഷമായാണ് എണ്ണുന്നത്.

മാപ്പിളപ്പാട്ടിന്റെ ഇശലിന്റെ കൈലേസ ്ചുറ്റി മനസ്സിനിമ്പം നൽകുന്ന പാട്ടുകൾ പാടി നമ്മേ വിസ്മയിപ്പിച്ചു പീർ മുഹമ്മദ്. 1976 ൽ തുടങ്ങിയ സംഗീത സപര്യ പക്ഷാഘാതം പിടിപെട്ടു കിടക്കുന്നതു വരെ മൂന്നര പതിറ്റാണ്ട് കാലം ഇശലിന്റെ ലോകത്ത് തലയുയർത്തി നിന്ന അനുഗൃഹീത ശബ്ദത്തിന്റെ ഉടമയാണ് പീർ എന്ന മനുഷ്യസ്നേഹി. വീട്ടിൽ കിടപ്പിലായപ്പോഴും വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി വീട്ടിൽ പാട്ടു മത്സരം നടത്താനോ രചനാമത്സരം നടത്താനോ ആളുകളെ വിളിച്ചു വരുത്തി സത്കരിക്കാനോ അദ്ദേഹമോ അദ്ദേഹത്തിന്റെ ബന്ധുക്കളോ പ്രയത്‌നിച്ചു കണ്ടിട്ടില്ല. അതു പോലെത്തന്നെ അംഗീകാരങ്ങൾക്കു വേണ്ടി സർക്കാർ തലത്തിലോ അല്ലാതെയോ ഒരാളുടെയും മുമ്പിലും ആരോഗ്യമുള്ള സമയത്തും അസുഖം വന്ന് കിടപ്പിലായപ്പോഴും ചെന്നിട്ടില്ല. ആരോടും പരാതിയോ പരിഭവമോ പറഞ്ഞിട്ടുമില്ല. അതു കൊണ്ട് പീർ മുഹമ്മദ് എന്ന പാട്ടുകാരൻ പൊതു ധാരയിൽ നിന്നു മാറിപ്പോയെന്ന് ആരും കരുതരുത്. അസുഖം പിടിപെടുന്നത് വരെ പാട്ടുമായി അദ്ദേഹം പാറിനടന്നിട്ടുണ്ട്. പാട്ടുകൾ കൊണ്ട് ജനഹൃദയങ്ങളിൽ അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്. കാഫ് മല… എന്നു തുടങ്ങുന്ന പാട്ട് ഒരു തവണയെങ്കിലും മൂളാത്ത മാപ്പിളപ്പാട്ട് പ്രേമികൾ വിരളമായിരിക്കും. അതു തന്നെയാണ് ഇശലിന്റെ സാമ്രാജ്യത്തിൽ പീർ മുഹമ്മദിന്റെ കൈയൊപ്പ്.

ഒരു സ്ഥാനമാനങ്ങളുടെ തലപ്പത്തും അവരോധിച്ചില്ലെങ്കിലും പാട്ടിന്റെ തലപ്പത്ത് എന്നും ഏത് കാലത്തും പീർ മുഹമ്മദിന്റെ പേര് ആലേഖനം ചെയ്തുവെച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോകുന്നത്. പാട്ടുകാരന്റെ സമ്പത്ത് ആ ഗായകൻ പാടിയ പാട്ടുകൾ അനുവാചകരുടെ ഓർമയിൽ നിലനിൽക്കുക എന്നതാണ്.

പുതിയ കാലത്ത് ഒരുപാട് നല്ല പാട്ടുകാർ കഴിവും മികവും തികവും തെളിയിച്ചവർ നമ്മുടെ ഇശലിന്റെ ലോകത്തുണ്ട്. പക്ഷേ, അവർ ചെയ്ത സമ്പാദ്യങ്ങളെന്താണ് ഈ ഗാനശാഖക്ക് എന്ന് ചിന്തിക്കേണ്ടതാണ്. എ വി മുഹമ്മദിന് അദ്ദേഹത്തിന്റെ പാട്ടുണ്ട്. കെ ജി സത്താറിന് അദ്ദേഹത്തിന്റെ പാട്ടുണ്ട്. എരഞ്ഞോളി മൂസക്കും എം പി ഉമ്മർകുട്ടിക്കുമെല്ലാം അവരവരുടെതായ പാട്ടുകളുണ്ട്. പുതിയ ഗായകർ ഓർമിക്കേണ്ടതും അതു തന്നെയാണ്. രംഗത്ത് നിറഞ്ഞുനിൽക്കുമ്പോൾ നിങ്ങളെ അനുവാചകർ ഓർമയിൽ സൂക്ഷിക്കണമെങ്കിൽ നല്ല പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്തേണ്ടതാണ്.

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ മാമാങ്കം നടത്തിയില്ലെങ്കിലും വീട്ടിൽ വെച്ച് സംഗീത സദസ്സുകൾ സംഘടിപ്പിച്ചിട്ടില്ലെങ്കിലും പീർ മുഹമ്മദ്, താങ്കൾ മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസ്സിൽ എന്നും ഇശലിന്റെ കുളിർക്കാറ്റായി തഴുകിക്കൊണ്ടേയിരിക്കും. കാലത്തിനു മുമ്പേ നടക്കുന്ന പാട്ടുകളുടെ മധുരമാരി പെയ്യിച്ചു കടന്നുപോയ പീർ മുഹമ്മദ് അങ്ങയെ മാപ്പിളപ്പാട്ട് ലോകം എന്നും നേഞ്ചേറ്റും. ഗൾഫ് മലയാളികൾക്കിടയിലെ സ്വീകാര്യതയോടെയാണ് മാപ്പിളപ്പാട്ടിനും പാട്ടുകാർക്കും രചയിതാക്കൾക്കുമെല്ലാം ഒരു പ്രതീക്ഷ കൈവന്നത്. 1977ൽ തുടങ്ങി നിരവധി മാപ്പിളപ്പാട്ട് ഗായക സംഘങ്ങളുടെ വേദി കേരളത്തിലുടനീളം നടന്നുകൊണ്ടിരുന്നു. അതു തുടങ്ങിവെച്ചത് കോഴിക്കോട്ടുള്ള സഹൃദയരായിരുന്നു. കോഴിക്കോട് സാമൂതിരി മൈതാനം ഒട്ടനവധി മാപ്പിളപ്പാട്ട് മത്സരങ്ങളുടെ മാറ്റുകുറിച്ചത് കണ്ട് വീർപ്പടക്കി നിന്നിട്ടുണ്ട്. കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പീർ മുഹമ്മദും സംഘവും എത്താറുണ്ട്. കോഴിക്കോടിനെ പ്രതിനിധാനം ചെയ്ത് കെ എം കെ ആൻഡ് പാർട്ടി. അങ്ങനെ മാപ്പിളപ്പാട്ടിന്റെ സുവർണ നാളുകളിലാണ് പീർ മുഹമ്മദിനെ ഞാൻ പരിചയപ്പെടുന്നത്. അന്നുമുതൽ തുടങ്ങിയ ബന്ധം പൂത്തുലഞ്ഞു പരിലസിച്ചു മരണം വരെ കൊണ്ടുപോകാൻ കഴിഞ്ഞത് ഏറെ ഭാഗ്യമായി കരുതുന്നു. ദൂരദർശൻ കേന്ദ്രം മദിരാശിയിൽ നിന്ന് പ്രക്ഷേപണം ആരംഭിച്ചപ്പോൾ ആദ്യമായി മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ച മഹാപ്രതിഭയാണ് പീർ മുഹമ്മദ്.

തീർത്തും രോഗാതുരനായിട്ടും കസേരയിൽ ഇരുത്തി മാപ്പിളപ്പാട്ട് ആസ്വാദകർ നാട്ടിലും മറുനാട്ടിലുമായി പീർ മുഹമ്മദിനു വേദിയൊരുക്കി. ആരോഗ്യസ്ഥിതി മോശമായിട്ടും ഒന്നു രണ്ട് പാട്ടുകൾ അദ്ദേഹം ആലപിച്ചപ്പോൾ എല്ലാ വേദികളിലും സദസ്സ് ഇളകിമറിഞ്ഞു. മാപ്പിളപ്പാട്ട് സ്നേഹികൾ ആ കാഫ് മല കണ്ട പാട്ടുകാരനെ അത്രയധികം ഹൃദയത്തോട് ചേർത്തുവെച്ചിരുന്നു, ഒരിക്കലും ശ്രുതിഭംഗം വരാത്ത ഗാനമായി, ഇന്പമുള്ള ഈണമായി.
.

മാപ്പിളപ്പാട്ട് രചയിതാവ്