National
സാഹചര്യങ്ങള്‍ പ്രതികൂലമെന്ന്; നിമിഷപ്രിയയുടെ മാതാവിന് യെമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
സുരക്ഷാ വിഷയങ്ങളുള്ളതിനാല്‍ യാത്ര ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.
ന്യൂഡല്‍ഹി | യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മാതാവിന് യെമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി യെമനിലെത്തണമെന്ന മാതാവ് പ്രേമകുമാരിയുടെ ആവശ്യം മന്ത്രാലയം നിരാകരിക്കുകയായിരുന്നു.
യെമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ എംബസി ജിബുട്ടിയിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവിടെ ആവശ്യത്തിന് നയതന്ത്രപ്രതിനിധികള്‍ ഇല്ലെന്നും സുരക്ഷാ വിഷയങ്ങളുള്ളതിനാല്‍ യാത്ര ഒഴിവാക്കണമെന്നുമാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്ത സ്ഥിതിയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ പറയുന്നു.
നിമിഷപ്രിയയുടെ കേസില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13 ന് യെമന്‍ സുപ്രീം കോടതി തള്ളിയിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ബിസിനസ് പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കര്‍ തള്ളിയെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തിവരികയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് നിമിഷ പറയുന്നത്. 2017 ജൂലൈ 25 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.